എണ്ണ കയറ്റുമതി തടസ്സപ്പെടാതിരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങളുമായി സൗദി അറേബ്യ

സൗദിയിലെ റാസ് തനൂറ തുറമുഖത്ത് നിന്ന് ചെറിയ ടാങ്കര്‍ കപ്പലുകളില്‍ ഒമാന്‍ തീരത്തെത്തിക്കുന്ന ക്രൂഡ് ഓയില്‍, അവിടെ വെച്ച് വന്‍കിട എണ്ണക്കപ്പലുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

 

സൗദി അരാംകോ, ഒമാനിലെ സോഹാര്‍ തുറമുഖത്തിന് സമീപം സമുദ്രത്തില്‍ വെച്ച് കപ്പലില്‍ നിന്ന് കപ്പലിലേക്ക് ക്രൂഡ് ഓയില്‍ കൈമാറുന്ന സംവിധാനം കൂടുതല്‍ സജീവമാക്കി.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടാതിരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങളുമായി സൗദി അറേബ്യ. സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ, ഒമാനിലെ സോഹാര്‍ തുറമുഖത്തിന് സമീപം സമുദ്രത്തില്‍ വെച്ച് കപ്പലില്‍ നിന്ന് കപ്പലിലേക്ക് ക്രൂഡ് ഓയില്‍ കൈമാറുന്ന സംവിധാനം കൂടുതല്‍ സജീവമാക്കി. ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിന് നേരെ മുന്‍പുണ്ടായ ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്കിലെ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുമാണ് ഇത്തരമൊരു നിര്‍ണ്ണായക നീക്കത്തിലേക്ക് സൗദിയെ നയിച്ചത്.

പുതിയ സംവിധാനമനുസരിച്ച്, സൗദിയിലെ റാസ് തനൂറ തുറമുഖത്ത് നിന്ന് ചെറിയ ടാങ്കര്‍ കപ്പലുകളില്‍ ഒമാന്‍ തീരത്തെത്തിക്കുന്ന ക്രൂഡ് ഓയില്‍, അവിടെ വെച്ച് വന്‍കിട എണ്ണക്കപ്പലുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. തുടര്‍ന്നാണ് ഇവ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഈ രീതിയിലൂടെ പ്രതിദിനം 10 ലക്ഷം മുതല്‍ 15 ലക്ഷം ബാരല്‍ വരെ എണ്ണയാണ് നിലവില്‍ നീക്കം ചെയ്യുന്നത്. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ മുന്‍നിര ഏഷ്യന്‍ രാജ്യങ്ങളാണ് ഈ എണ്ണയുടെ പ്രധാന ഉപഭോക്താക്കള്‍.

യന്‍ബു തുറമുഖത്തേക്കുള്ള പൈപ്പ്ലൈന്‍ ആക്രമിക്കപ്പെട്ടത് കയറ്റുമതിയെ ബാധിച്ചിരുന്നെങ്കിലും പുതിയ ക്രമീകരണത്തിലൂടെ സൗദിയുടെ എണ്ണ കയറ്റുമതി വീണ്ടും ശക്തമായി തിരിച്ചെത്തി. സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലിന് മുകളിലെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ആകെ ആറ് കോടി ബാരല്‍ എണ്ണയാണ് അരാംകോ ഈ രീതിയില്‍ വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നത്.