സൗദി അറേബ്യയില്‍ തൊഴില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ നില മാറ്റുന്ന പുതിയ നടപടിയില്‍ നിര്‍ണ്ണായക ഇളവ്
ഒരു വര്‍ഷത്തിലധികമായി തൊഴില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞവരെയും ജോലിയില്‍ പ്രവേശിച്ച് ആറ് മാസമായിട്ടും തൊഴില്‍ പെര്‍മിറ്റ് ലഭിക്കാത്തവരെയുമാണ് ഡിസംബര്‍ 31 മുതലുള്ള പുതിയ നടപടി ബാധിക്കുക
2027 ജൂണ്‍ 29 വരെയോ അതിനുശേഷമോ ഇഖാമ കാലാവധിയുള്ളവര്‍ക്ക് നിലവില്‍ ഈ ഇളവ് ലഭിക്കും.
സൗദി അറേബ്യയില്‍ തൊഴില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ നില മാറ്റുന്ന പുതിയ നടപടിയില്‍ നിര്‍ണ്ണായക ഇളവ് പ്രഖ്യാപിച്ച് 'ഖിവ' പ്ലാറ്റ്ഫോം. 2026 ഡിസംബര്‍ 31-ന് ശേഷം ഇഖാമയ്ക്ക് കുറഞ്ഞത് 180 ദിവസം കൂടി കാലാവധിയുള്ള പ്രവാസികള്‍ക്ക് ഈ പുതിയ നിയന്ത്രണം ബാധകമാകില്ല. അതായത് 2027 ജൂണ്‍ 29 വരെയോ അതിനുശേഷമോ ഇഖാമ കാലാവധിയുള്ളവര്‍ക്ക് നിലവില്‍ ഈ ഇളവ് ലഭിക്കും.
ഒരു വര്‍ഷത്തിലധികമായി തൊഴില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞവരെയും ജോലിയില്‍ പ്രവേശിച്ച് ആറ് മാസമായിട്ടും തൊഴില്‍ പെര്‍മിറ്റ് ലഭിക്കാത്തവരെയുമാണ് ഡിസംബര്‍ 31 മുതലുള്ള പുതിയ നടപടി ബാധിക്കുക. ഇത്തരക്കാരുടെ തൊഴില്‍ നില 'ജോലിയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട നില' എന്നതിലേക്ക് മാറ്റും. തുടര്‍ന്ന് ലഭിക്കുന്ന 60 ദിവസത്തിനുള്ളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ഫൈനല്‍ എക്സിറ്റ് നേടുകയോ ചെയ്തില്ലെങ്കില്‍ 'ജോലിക്ക് ഹാജരാകാത്ത നില' എന്ന വിഭാഗത്തിലേക്ക് മാറും.
എന്നാല്‍ 2027 ജൂണ്‍ 29 വരെയോ അതിനുശേഷമോ ഇഖാമ കാലാവധിയുള്ളവര്‍ക്ക് ഈ മാറ്റം ബാധകമാകില്ലെന്ന് ഖിവ വ്യക്തമാക്കി. എങ്കിലും തൊഴില്‍ പെര്‍മിറ്റ് പുതുക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാകില്ല. കാലാവധി കഴിഞ്ഞ കാലയളവിലെ ഫീസുകള്‍ അടയ്ക്കേണ്ടത് തൊഴിലുടമയുടെ കടമയാണ്.
പ്രവാസികള്‍ 'അബ്ഷിര്‍' വഴി തങ്ങളുടെ ഇഖാമ കാലാവധി ഉടന്‍ പരിശോധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 2027 ജൂണ്‍ 29-ന് മുമ്പ് ഇഖാമ കാലാവധി അവസാനിക്കുന്നവരും തൊഴില്‍ പെര്‍മിറ്റ് പുതുക്കാത്തവരുമായ പ്രവാസികള്‍ ഡിസംബര്‍ 31-ന് മുമ്പ് തന്നെ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തൊഴിലുടമയോട് ആവശ്യപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.