24000 പാകിസ്താനി ഭിക്ഷക്കാരെ നാടുകടത്തി സൗദി
കാലങ്ങളായി സൗദി അനുഭവിച്ചുവരുന്ന ഒരു പ്രശ്‌നമാണ് ഭിക്ഷക്കാരുമായി ബന്ധപ്പെട്ടുള്ളത്
ഭിക്ഷ യാചിക്കുന്നതിനൊപ്പം ഇവരില്‍ പലരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കൂടിയാണ് സൗദിക്ക് തലവേദനയാകുന്നത്.
പാകിസ്താനില്‍ നിന്നുവന്ന് ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന 24,000 പേരെ നാടുകടത്തി സൗദി അറേബ്യ. ഭിക്ഷ യാചിക്കുന്നതിനൊപ്പം ഇവരില്‍ പലരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കൂടിയാണ് സൗദിക്ക് തലവേദനയാകുന്നത്.
ഇത്തരം ഭിക്ഷക്കാരെ കണ്ടെത്താന്‍ സൗദി പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം 24,000 ഭിക്ഷക്കാരെയാണ് സൗദി പാകിസ്താനിലേക്ക് തിരിച്ചയച്ചത്. ഇതിന് പിന്നാലെ പാകിസ്താന്‍ പൗരന്മാര്‍ക്ക് സൗദി വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദുബായ് 6000 പാകിസ്താനികളെയാണ് തിരിച്ചയച്ചത്. അസര്‍ബൈജാന്‍ ഏകദേശം 2500 പാകിസ്താനികളെ സ്വന്തം രാജ്യത്തേക്ക് കയറ്റിയയച്ചു.
കാലങ്ങളായി സൗദി അനുഭവിച്ചുവരുന്ന ഒരു പ്രശ്‌നമാണ് ഭിക്ഷക്കാരുമായി ബന്ധപ്പെട്ടുള്ളത്. ഇക്കാര്യം പാകിസ്താനോട് നേരത്തെതന്നെ സൗദി അധികൃതര്‍ സൂചിപ്പിച്ചിരുന്നു. ഹജ്ജ് വിസകള്‍ ദുരുപയോഗം ചെയ്താണ് ഇത്തരം സംഘങ്ങള്‍ സൗദിയില്‍ തങ്ങി ഭിക്ഷ യാചിക്കുന്നത്. ഈ രീതി തടയണമെന്നും അല്ലെങ്കില്‍ പാകിസ്താനില്‍ നിന്നുള്ള ഹജ്ജ് വിസയ്ക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും സൗദി അറിയിച്ചിരുന്നു.
പാകിസ്താന്‍ അധികൃതരും വിഷയത്തെ ഗൗരവത്തോട് കൂടിയാണ് കാണുന്നത്. 2025ല്‍ മാത്രം, ഇത്തരത്തില്‍ സംശയമുള്ള 66,154 പേരെയാണ് പാകിസ്താന്‍ അധികൃതര്‍ വിമാനത്താവളങ്ങളില്‍ തടഞ്ഞത്. ഭിക്ഷാടന മാഫിയയുടെ കണ്ണികളാണ് ഇവരെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. ഗള്‍ഫിലേക്ക് മാത്രമല്ല ആഫ്രിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇത്തരത്തില്‍ പാകിസ്താനികള്‍ പോകുന്നുണ്ട്. ടൂറിസ്റ്റ് വിസകള്‍ ദുരുപയോഗം ചെയ്യുന്നവരും നിരവധിയാണ്.