സ്വകാര്യ മേഖല ജീവനക്കാരുടെ ശമ്പളം ഇനി വൈകില്ല; കേന്ദ്രീകൃത ശമ്പള വിതരണ സംവിധാനവുമായി കുവൈറ്റ്

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വന്‍ മുന്നേറ്റമാണ് കുവൈറ്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളെയും നിയമലംഘനങ്ങളെയും നേരത്തെ തന്നെ കണ്ടെത്താനും നിയന്ത്രണ ഏജന്‍സികള്‍ക്ക് ഈ സംവിധാനം വഴി അവസരമൊരുങ്ങും.

കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് കൃത്യമായ തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍. ഇതിനായി പുതിയ കേന്ദ്രീകൃത ശമ്പള വിതരണ സംവിധാനത്തിന് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് തുടക്കം കുറിച്ചു. 'കുവൈറ്റ് വേജ് പ്രൊട്ടക്ഷന്‍ ആന്റ് പേയ്‌മെന്റ് സിസ്റ്റം' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഡിജിറ്റല്‍ സംവിധാനം വഴി തദ്ദേശീയ ബാങ്കുകള്‍ മുഖേന സ്വകാര്യ മേഖലയിലെ ശമ്പള വിതരണം കൂടുതല്‍ വേഗത്തിലും സുതാര്യമായും നടത്താന്‍ സാധിക്കും.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളെയും നിയമലംഘനങ്ങളെയും നേരത്തെ തന്നെ കണ്ടെത്താനും നിയന്ത്രണ ഏജന്‍സികള്‍ക്ക് ഈ സംവിധാനം വഴി അവസരമൊരുങ്ങും. രാജ്യത്തെ സാമ്പത്തിക മേഖലയുടെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും സാങ്കേതിക ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്നതിനും ഈ നീക്കം വലിയ പിന്തുണ നല്‍കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വന്‍ മുന്നേറ്റമാണ് കുവൈറ്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുമ്പ് 2026 ജനുവരിയില്‍ അവതരിപ്പിച്ച 'കുവൈറ്റ് ഓട്ടോമേറ്റഡ് ക്ലിയറിംഗ് സിസ്റ്റം', ഫെബ്രുവരിയില്‍ നടപ്പിലാക്കിയ 'കുവൈറ്റ് ഡിസ്പൂട്ട് മാനേജ്മെന്റ് സിസ്റ്റം' എന്നിവയ്ക്ക് ശേഷമാണ് പുതിയ ശമ്പള വിതരണ സംവിധാനം സെന്‍ട്രല്‍ ബാങ്ക് നിലവില്‍ വരുത്തിയത്. രാജ്യത്തെ സാമ്പത്തിക വിനിമയങ്ങള്‍ നവീകരിക്കുന്നതിനും സ്വകാര്യ മേഖലയിലെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ഈ നടപടി സഹായകരമാകും.