പ്രവാസികളുടെ സംഭാവനകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല: എസ്. ഇർഷാദ്
മാതൃരാജ്യത്തിന്റെ വികസനത്തിൽ വലിയ സംഭാവനകൾ അർപ്പിക്കുന്നവരാണ് പ്രവാസി സമൂഹമെന്നും എന്നാൽ അതിന് അർഹമായ പരിഗണന അവർക്കു ലഭിച്ചിട്ടില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ് പറഞ്ഞു
ദോഹ : മാതൃരാജ്യത്തിന്റെ വികസനത്തിൽ വലിയ സംഭാവനകൾ അർപ്പിക്കുന്നവരാണ് പ്രവാസി സമൂഹമെന്നും എന്നാൽ അതിന് അർഹമായ പരിഗണന അവർക്കു ലഭിച്ചിട്ടില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ് പറഞ്ഞു. പ്രവാസി വെൽഫെയർ സതേൺ കണക്റ്റ് സൗത്ത് കേരള കാർണിവലിൽന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ആവശ്യ പൂർത്തീകരണത്തിന് പ്രവാസം തെരഞ്ഞെടുത്തവർ എന്നതിൽ ഒതുക്കി നിർത്തുകയാണ് ചെയ്തത് . പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന പല പദ്ധതികളും ഒട്ടും ആകർഷണീയമല്ല . പ്രവാസികൾ നേരിടുന്ന യാത്ര പ്രശ്ങ്ങൾക്ക് പരിഹാരമാവുകയല്ല പകരം കൂടുതൽ സങ്കീര്ണമാകുകയാണ് ചെയ്യുന്നത്. വിശേഷിച്ചും ഇന്നത്തെ സഹചര്യത്തിൽ പ്രവാസികളുടെ യാത്ര പ്രശ്നം സർക്കാർ ഗൗരവത്തിൽ കണ്ട് പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു .
കേരളത്തിലെ മറ്റേതൊരു സമൂഹത്തെക്കാളും വലിയ സമൂഹമാണ് പ്രവാസികൾ. സംസ്ഥാനം ഇന്ന് കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ പ്രവാസികളുടെ വിയർപ്പിന്റെ വിലയുണ്ട് . അതിന്റെ പരിഗണ അവർക്ക് ലഭിക്കുന്നില്ല . പ്രവാസികളേക്കാൾ ചെറിയ സമൂഹങ്ങൾ സംഘടിത ശക്തിയിലൂടെ വേണ്ടതൊക്കെ നേടിയെടുക്കുന്നു. ഗൾഫ് തൊഴിൽ മേഖല മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുമ്പോൾ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ പരമ്പര്യ രാഷ്ട്രീ കാഴ്ചപ്പാടുകളുടെ തുടർച്ചയ്ക്കപ്പുറം പ്രവാസി എന്ന സത്വബോധത്തിൽ മുന്നേറ്റം ആവശ്യമാണെന്നും എസ് ഇർഷാദ് പറഞ്ഞു. വെറുപ്പും അരാജകത്വവും വാഴുന്ന കാലത്ത് കൂടുതൽ രാഷ്ട്രീയ ബോധമുള്ളവരായി പ്രവാസികൾ മാറണമെന്നും രാജ്യവും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മാറ്റി വച്ച് കൊണ്ടൊരു ജീവിതം സാധ്യമല്ല. അതൊരു മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടുന്ന ഒന്നാണ്. മാനവികതയിലും സാഹോദര്യത്തിലും അധിഷ്ടിതമായ രാഷ്ട്രീയമാണ് നാം ഉയർത്തിപിടിക്കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി വെൽഫയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, ഐ.എസ്.സി മാനേജിംഗ് കമ്മറ്റിയംഗം അസീം എം.ടി, പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി, ടീം വെൽഫെയർ ക്യാപ്റ്റൻ സഞ്ചയ് ചെറിയാൻ, ജില്ലാ പ്രസിഡണ്ടുമാരായ നസീർ ഹനീഫ, എച്ച് മൻസൂർ, സലിം കുഞ്ഞുമുഹമ്മദ്, സഹീർ കോട്ടയം, പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ല മുൻപ്രസിഡന്റ് അബ്ദുസ്സലാം, സുന്ദരൻ തുടങ്ങിയവർ സംബന്ധിച്ചു. ബിസിനസ് രംഗത്തെ മികവിന് ഷിയാസ് കൊട്ടാരം, കായിക രംഗത്തെ മികവിന് അനുശ്രീ ഷൈൻ, ഫായിസ് നജീബ് ഹനീഫ, കലാ രംഗത്തെ മികവിന് മല്ലികാ ബാബു എന്നിവരെ സതേൺ കണക്ട് എക്സലൻസ് പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു. ജനറൽ കൺവീനർ താസീൻ അമീൻ സ്വാഗതവും കൺവീനർ ഭവ്യ സനീഷ് നന്ദിയും പറഞ്ഞു.