ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി RTA; AI സാങ്കേതികവിദ്യയിലൂടെ ട്രാഫിക് 5 ശതമാനം വരെ കുറയ്ക്കാൻ പുതിയ പദ്ധതി
ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തന്ത്രം പ്രഖ്യാപിച്ചു.
Nov 2, 2026, 20:25 IST
ദുബായ് : ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തന്ത്രം പ്രഖ്യാപിച്ചു.
RTA ഡയറക്ടർ ജനറൽ മത്താർ അൽ തായർ നവംബർ ഒന്നിനാണ് പുതിയ AI തന്ത്രം പ്രഖ്യാപിച്ചത്.പുതിയ പദ്ധതിയിലൂടെ ഗതാഗതക്കുരുക്ക് 3 മുതൽ 5 ശതമാനം വരെ കുറയ്ക്കുകയാണ് ലക്ഷ്യം. റോഡുകളിലെ ഗതാഗത സാഹചര്യം വിശകലനം ചെയ്യാനും ഭാവിയിലെ തിരക്ക് മുൻകൂട്ടി പ്രവചിക്കാനും AI സാങ്കേതികവിദ്യ ഉപയോഗിക്കും.
കൂടാതെ ബസ് സർവീസുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്തുക, വാഹന ലൈസൻസിങ് സേവനങ്ങൾ വേഗത്തിലാക്കുക, റോഡ് സുരക്ഷ വർധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.അടുത്ത രണ്ടര വർഷത്തിനുള്ളിൽ പ്രതിവർഷം 300 മില്യൺ ദിർഹത്തിലധികം അധിക സാമ്പത്തിക മൂല്യം സൃഷ്ടിക്കാനും RTA ലക്ഷ്യമിടുന്നുണ്ട്.