റഹീം കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി
ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു.
ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു.
18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല.
ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു.
ഓണ്‍ലൈന്‍ സിറ്റിംഗില്‍ ജയിലില്‍ നിന്ന് റഹീമും ഹാജരായിരുന്നു. കൂടാതെ റഹീമിന്റെ അഭിഭാഷക സംഘവും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായി. പ്രോസിക്യൂഷന്റെ വാദം കേള്‍ക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോള്‍ നടപടികള്‍ ഒരു തീര്‍പ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നല്‍കിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടന്‍ അറിയാനാകും. റഹീമിന്റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിംഗാണ് ഇന്ന് നടന്നത്.