റിയാദ് വിമാനത്താവളം ഇനി കൂടുതല്‍ ശാന്തം; ടെര്‍മിനല്‍ 5-ല്‍ 'സൈലന്റ് എയര്‍പോര്‍ട്ട്' പദ്ധതിക്ക് തുടക്കം
റിയാദ് വിമാനത്താവളം ഇനി കൂടുതല്‍ ശാന്തം; ടെര്‍മിനല്‍ 5-ല്‍ 'സൈലന്റ് എയര്‍പോര്‍ട്ട്' പദ്ധതിക്ക് തുടക്കം
യാത്രക്കാര്‍ക്ക് കൂടുതല്‍ ശാന്തവും സുഖകരവുമായ യാത്രാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളത്തില്‍ ഉച്ചത്തിലുള്ള അനൗണ്‍സ്മെന്റുകള്‍ കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്
വിമാനത്താവളത്തിലെ പൊതുവായ ശബ്ദ അറിയിപ്പുകള്‍ വെട്ടിച്ചുരുക്കുകയും അവ പ്രധാനമായും ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും.
സൗദി അറേബ്യയിലെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 5-ല്‍ 'സൈലന്റ് എയര്‍പോര്‍ട്ട്' (നിശ്ശബ്ദ വിമാനത്താവളം) പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. യാത്രക്കാര്‍ക്ക് കൂടുതല്‍ ശാന്തവും സുഖകരവുമായ യാത്രാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളത്തില്‍ ഉച്ചത്തിലുള്ള അനൗണ്‍സ്മെന്റുകള്‍ കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ പുതിയ സംരംഭത്തിന്റെ ഭാഗമായി, വിമാനത്താവളത്തിലെ പൊതുവായ ശബ്ദ അറിയിപ്പുകള്‍ വെട്ടിച്ചുരുക്കുകയും അവ പ്രധാനമായും ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. ഇതിനുപകരം, വിമാന വിവരങ്ങള്‍ അറിയാന്‍ യാത്രക്കാര്‍ കൂടുതലായും ഡിജിറ്റല്‍ സ്‌ക്രീനുകളെയും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളെയും ആശ്രയിക്കേണ്ടി വരും. യാത്രക്കാര്‍ക്ക് അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ, ടെര്‍മിനലിനുള്ളിലെ ശബ്ദബഹളങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മാറ്റം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നത്.
യാത്രക്കാര്‍ക്ക് ഇനി മുതല്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, അവിടെ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ ബോര്‍ഡുകള്‍, 920020090 എന്ന വാട്‌സാപ്പ് നമ്പര്‍ എന്നിവ വഴി ഫ്‌ലൈറ്റ് വിവരങ്ങള്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാം. ഇതിന് പുറമെ, യാത്രാ സംബന്ധമായ സംശയങ്ങള്‍ പരിഹരിക്കാന്‍ എയര്‍പോര്‍ട്ടിന്റെ 'ആസ്‌ക് മി' കസ്റ്റമര്‍ സര്‍വീസ് ടീമിന്റെ സേവനവും വിമാനത്താവളത്തില്‍ എപ്പോഴും ലഭ്യമായിരിക്കും.