കുവൈറ്റ് വിമാന യാത്രക്കാര്‍ക്ക് ആശ്വാസം; സഹല്‍ ആപ്പില്‍ പരാതികള്‍ അറിയിക്കാന്‍ അവസരമൊരുക്കി അധികൃതര്‍

വിമാനം വൈകുക, ലഗേജ് നഷ്ടപ്പെടുക, കേടുപാടുകള്‍ സംഭവിക്കുക, യാത്രയ്ക്കിടെ പരിക്കേല്‍ക്കുക തുടങ്ങിയ പരാതികള്‍ ഇനി സഹല്‍ ആപ്പ് വഴി അറിയിക്കാം.

 

പുതിയ സംവിധാനം യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താനും സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുവൈറ്റില്‍ വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ഡിജിറ്റല്‍ സംവിധാനം ആരംഭിച്ചു. വിമാനയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഇനി മുതല്‍ 'സഹല്‍' ആപ്പ് വഴി നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താനും സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാനം വൈകുക, ലഗേജ് നഷ്ടപ്പെടുക, കേടുപാടുകള്‍ സംഭവിക്കുക, യാത്രയ്ക്കിടെ പരിക്കേല്‍ക്കുക തുടങ്ങിയ പരാതികള്‍ ഇനി സഹല്‍ ആപ്പ് വഴി അറിയിക്കാം. വിമാന സര്‍വീസ് റദ്ദാകുക, യാത്രാസമയത്തില്‍ മാറ്റം വരുക, ബോര്‍ഡിംഗ് നിഷേധിക്കുക, ബുക്ക് ചെയ്ത ക്ലാസില്‍ മാറ്റം വരുത്തുക തുടങ്ങിയ പരാതികളും ഇനി മുതല്‍ യാത്രക്കാര്‍ക്ക് ആപ്പ് വഴി നേരിട്ട് സമര്‍പ്പിക്കാനാകും. ഇതിന് പുറമെ വ്യാജ ബുക്കിംഗ്, ടിക്കറ്റ് തുക തിരികെ ലഭിക്കാതിരിക്കല്‍ മുതലായ സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികളും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം പാക്കേജ് ടൂറുകളിലെ സേവന പോരായ്മകള്‍, സാങ്കേതിക കാരണങ്ങളാല്‍ വിമാനം തിരിച്ചിറങ്ങേണ്ടി വരുന്നതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളും യാത്രാ റൂട്ടില്‍ മാറ്റം വരുത്തുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങളും സഹല്‍ ആപ്പിലൂടെ പരാതിയായി നല്‍കാനാകും. പരാതിയുടെ പുരോഗതി ഓരോ ഘട്ടത്തിലും ആപ്പിലൂടെ തന്നെ പരിശോധിക്കാനാകുന്നതിനാല്‍ നടപടികള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമായിരിക്കും.