ബഹ്റൈനില്‍ കമ്പനികള്‍ക്ക് ആശ്വാസം; ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടക്കുന്നത് താല്‍ക്കാലികമായി നിര്‍ത്താന്‍ നിര്‍ദ്ദേശം

ഹസ്സന്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

 

ഒരേ ജീവനക്കാര്‍ക്കായി കമ്പനികള്‍ക്ക് രണ്ടുതവണ ഇന്‍ഷുറന്‍സ് തുക നല്‍കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

ബഹ്റൈനില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഈടാക്കുന്ന നിലവിലെ രീതി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പാര്‍ലമെന്റ് അംഗങ്ങള്‍ അടിയന്തര നിര്‍ദ്ദേശം സമര്‍പ്പിച്ചു. ഒരേ ജീവനക്കാര്‍ക്കായി കമ്പനികള്‍ക്ക് രണ്ടുതവണ ഇന്‍ഷുറന്‍സ് തുക നല്‍കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

ഹസ്സന്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഈടാക്കുന്ന നിലവിലെ രീതി സര്‍ക്കാര്‍ പുനഃപരിശോധിക്കുകയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് ഫീസ് പിരിവിന് വ്യക്തമായ സംവിധാനം രൂപീകരിക്കുകയും ചെയ്യുന്നതുവരെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം. അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കും പുതിയ ഫീസ് നല്‍കേണ്ടിവന്നാല്‍ ഒരേ ജീവനക്കാര്‍ക്കായി ഇരട്ട സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ഹസ്സന്‍ ഇബ്രാഹിം ചൂണ്ടിക്കാട്ടി. വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവുകള്‍ക്കിടയില്‍ ഇത്തരം അധിക ബാധ്യതകള്‍ കമ്പനികളുടെ നിലനില്‍പ്പിനെയും തൊഴിലവസരങ്ങളെയും ബാധിക്കുമെന്നും എംപിമാര്‍ മുന്നറിയിപ്പ് നല്‍കി.