ഹോര്‍മുസിന് ബദലായി ചെങ്കടല്‍ വഴി പൈപ്പ് ലൈന്‍

മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാന്‍ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതുമാണ് ഇത്തരമൊരു അടിയന്തര നീക്കത്തിലേക്ക് സൗദിയെ പ്രേരിപ്പിച്ചത്.

 

ഹോര്‍മുസ് കടലിടുക്ക് കടക്കാതെ സുരക്ഷിതമായി എണ്ണ കയറ്റുമതി ചെയ്യാന്‍ മറ്റ് ഗള്‍ഫ് അയല്‍ രാജ്യങ്ങളെക്കൂടി സഹായിക്കുന്നതാണ് ഈ പുതിയ പദ്ധതി.

ആഗോള എണ്ണ വിപണിയിലെ സുപ്രധാന കപ്പല്‍ ഗതാഗത മാര്‍ഗ്ഗമായ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികളെ മറികടക്കാന്‍ ബദല്‍ മാര്‍ഗ്ഗവുമായി സൗദി അറേബ്യ. ചെങ്കടല്‍ തീരത്തേക്ക് എണ്ണ എത്തിക്കുന്ന തങ്ങളുടെ പ്രശസ്തമായ 'ഈസ്റ്റ്-വെസ്റ്റ്' പൈപ്പ്ലൈനിന്റെ ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം സൗദി ഭരണകൂടം സജീവമായി പരിഗണിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാന്‍ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതുമാണ് ഇത്തരമൊരു അടിയന്തര നീക്കത്തിലേക്ക് സൗദിയെ പ്രേരിപ്പിച്ചത്.

1980-കളുടെ തുടക്കത്തില്‍ നിര്‍മ്മിച്ച ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ വഴി നിലവില്‍ പ്രതിദിനം 70 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ചെങ്കടല്‍ തുറമുഖമായ യാന്‍ബുവില്‍ എത്തിക്കാന്‍ സാധിക്കും. ഇതില്‍ 20 ലക്ഷം ബാരല്‍ പടിഞ്ഞാറന്‍ തീരത്തെ എണ്ണശുദ്ധീകരണ ശാലകള്‍ക്കും ബാക്കി 50 ലക്ഷം ബാരല്‍ കയറ്റുമതിക്കുമാണ് ഉപയോഗിക്കുന്നത്. നിലവിലുള്ള ഈ ശേഷിക്ക് പുറമെ പ്രതിദിനം 20 ലക്ഷം ബാരല്‍ എണ്ണ കൂടി അധികമായി കൊണ്ടുപോകാന്‍ സാധിക്കുന്ന രീതിയില്‍ പൈപ്പ്ലൈന്‍ വിപുലീകരിക്കാനാണ് സൗദി ഇപ്പോള്‍ പദ്ധതിയിടുന്നത്.

ഹോര്‍മുസ് കടലിടുക്ക് കടക്കാതെ സുരക്ഷിതമായി എണ്ണ കയറ്റുമതി ചെയ്യാന്‍ മറ്റ് ഗള്‍ഫ് അയല്‍ രാജ്യങ്ങളെക്കൂടി സഹായിക്കുന്നതാണ് ഈ പുതിയ പദ്ധതി. കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നിലവില്‍ ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാനുള്ള മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങളില്ല. ഇറാഖിന് തുര്‍ക്കിയിലേക്ക് പൈപ്പ്ലൈന്‍ ഉണ്ടെങ്കിലും തര്‍ക്കങ്ങളും അടച്ചുപൂട്ടലുകളും കാരണം അത് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നില്ല.