ഖത്തറിനെ നടുക്കിയ റാസ് ലഫാൻ സ്ഫോടനം; 54 പേർക്ക് പരിക്കേറ്റു
ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനിലെ ഫാക്ടറിയിൽ ഞായറാഴ്ച ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റവരുടെ എണ്ണം 54 ആയി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. അപകടത്തിൽ 18 ജീവനക്കാരെ കാണാതായി
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനിലെ ഫാക്ടറിയിൽ ഞായറാഴ്ച ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റവരുടെ എണ്ണം 54 ആയി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. അപകടത്തിൽ 18 ജീവനക്കാരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരണം. അപകട സമയത്ത് ദോഹയിൽ വലിയ രീതിയിലുള്ള സ്ഫോടന ശബ്ദം കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണമല്ലെന്നും സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകട വിവരം ഖത്തർ എനർജിയും സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ്-ഇറാൻ യുദ്ധത്തിൽ റാസ് ലഫാന് നേരത്തെ തന്നെ കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഗൾഫ് മേഖലയിലെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഖത്തറിന് വാതക ഉത്പാദനം നിർത്തിവെക്കേണ്ടി വന്നിരുന്നു.
റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്നും, ഇത് ബാർസാൻ പ്രാദേശിക വാതക വിതരണ കേന്ദ്രത്തിൽ സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായതായും പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി അറിയിച്ചു. പ്ലാന്റിൽ പ്രകൃതിവാതക ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ എനർജി പ്രസ്താവനയിലൂടെ വ്യക്തമാക്കി.