റാസല്‍ഖൈമയിലെ വാഹനാപകടം: മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും, മരണസംഖ്യ 13 ആയി

അതിനിടെ, അപകടത്തില്‍ പരിക്കേറ്റ 26 പേരില്‍ 12 പേര്‍ ആശുപത്രി വിട്ടു.

 

മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്.

യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും. തലശ്ശേരി സ്വദേശി സങ്കീര്‍ത്ത സുരേഷ്(26) ആണ് മരിച്ചത്. ആകെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഒരു ഫിലിപ്പീന്‍സ് സ്വദേശിയും ഒരു ശ്രീലങ്കന്‍ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്. അതിനിടെ, അപകടത്തില്‍ പരിക്കേറ്റ 26 പേരില്‍ 12 പേര്‍ ആശുപത്രി വിട്ടു.

റാസല്‍ഖൈമയിലെ അല്‍ വതന്‍ സ്ട്രീറ്റില്‍ കഴിഞ്ഞദിവസമാണ് ബസിന് പിറകില്‍ ട്രക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ഒമാനില്‍ പോയി വിസ പുതുക്കി മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നു.