പ്രവാസികള്‍ക്ക് താമസിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി യുഎഇയിലെ റാസല്‍ഖൈമയെ തിരഞ്ഞെടുത്തു
റാസല്‍ഖൈമയിലെ ജീവിതത്തില്‍ 84 ശതമാനം പ്രവാസികളും സന്തുഷ്ടരാണെന്ന് സര്‍വേയില്‍ വ്യക്തമാക്കി.
വ്യക്തിഗത സാമ്പത്തിക സ്ഥിതിയിലും പൊതുവായ സന്തോഷത്തിലും രണ്ടാം സ്ഥാനവും നേടി.
പ്രവാസികള്‍ക്ക് താമസിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി യുഎഇയിലെ റാസല്‍ഖൈമയെ തിരഞ്ഞെടുത്തു. ഇന്റര്‍നേഷന്‍സ് പുറത്തിറക്കിയ 2026ലെ എക്‌സ്പാറ്റ് സിറ്റി റാങ്കിങ്ങിലാണ് 33 നഗരങ്ങളെ പിന്നിലാക്കി റാസല്‍ഖൈമ ഒന്നാം സ്ഥാനം നേടിയത്. 162 രാജ്യങ്ങളില്‍ നിന്നുള്ള 8,000 പ്രവാസികള്‍ പങ്കെടുത്ത എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പുതിയ സ്ഥലത്ത് താമസം തുടങ്ങാനുള്ള എളുപ്പം, വിദേശത്തെ തൊഴില്‍ സാഹചര്യം, പ്രവാസികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലും റാസല്‍ഖൈമ ഒന്നാം സ്ഥാനം നേടി. വ്യക്തിഗത സാമ്പത്തിക സ്ഥിതിയിലും പൊതുവായ സന്തോഷത്തിലും രണ്ടാം സ്ഥാനവും നേടി.
റാസല്‍ഖൈമയിലെ ജീവിതത്തില്‍ 84 ശതമാനം പ്രവാസികളും സന്തുഷ്ടരാണെന്ന് സര്‍വേയില്‍ വ്യക്തമാക്കി. എമിറേറ്റില്‍ താമസിക്കുന്ന 45 ശതമാനം പേര്‍ പൂര്‍ണമായും സന്തുഷ്ടരാണെന്നും അഭിപ്രായപ്പെട്ടു.
പ്രാദേശിക ജനങ്ങളുടെ സൗഹൃദപരമായ പെരുമാറ്റത്തിന് 86 ശതമാനം പ്രവാസികളും അനുകൂല അഭിപ്രായം രേഖപ്പെടുത്തി. പ്രാദേശിക സംസ്‌കാരവുമായി പൊരുത്തപ്പെടാന്‍ എളുപ്പമാണെന്ന് 80 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പുതിയ സ്ഥലത്ത് സ്വാഗതം ചെയ്യപ്പെടുന്നുവെന്ന തോന്നലിലും സ്വന്തം വീടുപോലെ അനുഭവപ്പെടുന്നതിലും സുഹൃത്തുക്കളെ കണ്ടെത്തുന്നതിലും റാസല്‍ഖൈമ ഒന്നാം സ്ഥാനത്തെത്തി. 64 ശതമാനം പേര്‍ക്ക് പ്രാദേശിക സുഹൃത്തുക്കളെ കണ്ടെത്താന്‍ എളുപ്പമായെന്നും സര്‍വേയില്‍ പറയുന്നു.