കനത്ത മഴ; നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു

 

നജ്‌റാന്‍: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു. മൂന്നു സഹോദരങ്ങളും മരിച്ചവരില്‍പ്പെടുന്നു. 
വാദി നജ്‌റാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇവര്‍ ഒഴുകിപോയത്. മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. നജ്‌റാനിലെ അല്‍റബ്ഹ ഗ്രാമത്തില്‍ മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണാണ് മൂന്നു സഹോദരങ്ങള്‍ മരിച്ചത്. 

അപകടത്തില്‍പ്പെട്ട മൂത്ത സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടു കുട്ടികളും മുങ്ങി മരിക്കുകയായിരുന്നു. വാദി സ്വിഖിയില്‍ ഒരു യുവാവും മുങ്ങി മരിച്ചു. മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന് വേണ്ടി സിവില്‍ ഡിഫന്‍സിന് കീഴിലെ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.