തൊഴിലാളികളുടെ പാസ്പോർട്ട് കൈവശം വെച്ചാൽ പണി കിട്ടും; 25,000 റിയാൽ പിഴയെന്ന് ഖത്തർ
ഖത്തറിൽ റെസിഡൻഷ്യൽ പെർമിറ്റ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടികൾ പൂർത്തിയായിട്ടും ജീവനക്കാരുടെ പാസ്പോർട്ട് തിരികെ നൽകാത്ത തൊഴിലുടമകൾക്ക് 25,000 റിയാൽ വരെ പിഴ
ഖത്തറിൽ റെസിഡൻഷ്യൽ പെർമിറ്റ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടികൾ പൂർത്തിയായിട്ടും ജീവനക്കാരുടെ പാസ്പോർട്ട് തിരികെ നൽകാത്ത തൊഴിലുടമകൾക്ക് 25,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ സെർച്ച് ആൻഡ് ഫോളോ ആപ് വിഭാഗത്തിലെ ഡിറ്റൻഷൻ സെക്ഷൻ മേധാവി മേജർ സൗദ് ഹമദ് അൽ ബുറെെദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുകക്ഷികളും ഒപ്പിട്ട നിയമപരമായ രേഖയുടെ അടിസ്ഥാനത്തിലോ പരസ്പര ധാരണയിലോ പാസ്പോർട്ട് കെെവശം വയ്ക്കുന്ന സാഹചര്യമൊഴികെ താമസാനുമതിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായാൽ തൊഴിലുടമ പാസ്പോർട്ട് ജീവനക്കാരന് തിരികെ നൽകണം. പാസ്പോർട്ട് തിരികെ നൽകാതിരിക്കുന്നത് നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ കരാറുകൾ കൃത്യമായി രേഖപ്പെടുത്തുക, നിശ്ചിത സമയത്തിനുള്ളിൽ താമസാനുമതി നടപടികൾ പൂർത്തിയാക്കുക, ജീവനക്കാർക്ക് മതിയായ താമസസൗകര്യം ഉറപ്പാക്കുക, വിദേശ തൊഴിലാളികളുടെ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാലിക്കുക എന്നിവയും തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് മേജർ സൗദ് ഹമദ് അൽ ബുറെെദി ഓർമിപ്പിച്ചു. എന്നാൽ തൊഴിലാളികളുടെ രേഖാമൂലമുള്ള സമ്മതത്തോടെ തൊഴിലുടമയ്ക്ക് പാസ്പോർട്ട് സൂക്ഷിക്കാം.