ഭക്ഷ്യ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ഖത്തര്‍; പരിശോധനകളും നിയന്ത്രണങ്ങളും ഇനി കൂടുതല്‍ ശക്തമാകും

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പുതിയ നിയന്ത്രണ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ശക്തിപ്പെടുത്തും.

 

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഒരൊറ്റ സ്ഥാപനത്തിന് കീഴില്‍ ഏകോപിപ്പിക്കുകയാണ് ഈ പരിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

ഖത്തറിലെ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ശക്തിമത്തുമാക്കുന്നതിന്റെ ഭാഗമായി 'ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് സേഫ്റ്റി' എന്ന പേരില്‍ പുതിയ അതോറിറ്റി രൂപീകരിച്ച് ഖത്തര്‍ സര്‍ക്കാര്‍. നിലവില്‍ പൊതുജന ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകളും പ്രവര്‍ത്തനങ്ങളും പുതിയ അതോറിറ്റിയിലേക്ക് കൈമാറുന്നതിനുള്ള നടപടികള്‍ക്ക് ഇതിനകം തുടക്കമായിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഒരൊറ്റ സ്ഥാപനത്തിന് കീഴില്‍ ഏകോപിപ്പിക്കുകയാണ് ഈ പരിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തുടനീളമുള്ള പരിശോധനാ സംവിധാനങ്ങളും നിയന്ത്രണ നടപടികളും കൂടുതല്‍ കര്‍ശനമാക്കാനും സേവനങ്ങള്‍ വേഗത്തിലാക്കാനും സാധിക്കും.

ഭക്ഷ്യ ഉത്പ്പാദനം, സംഭരണം, വിതരണം തുടങ്ങി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതോറിറ്റി ഉറപ്പുവരുത്തും. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും പ്രാദേശികമായി ഉത്പ്പാദിപ്പിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പുതിയ നിയന്ത്രണ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ശക്തിപ്പെടുത്തും.