ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് 710 കേന്ദ്രങ്ങള്‍

ഖത്തറിന്റെ എല്ലാ പ്രദേശങ്ങളിലും പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി

 

അല്‍ അറബി സ്റ്റേഡിയം, അല്‍ സദ്ദ് സ്റ്റേഡിയം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷയുണ്ടാകും.

പെരുന്നാള്‍ നമസ്‌കാരത്തിനായി രാജ്യത്തുടനീളം ഈദ് ഗാഹുകളും പള്ളികളുമായി 710 ഇടങ്ങളില്‍ സൗകര്യമൊരുക്കിയതായി ഖത്തര്‍ മതകാര്യ മന്ത്രാലയമായ ഔഖാഫ് അറിയിച്ചു. ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം പുലര്‍ച്ചെ 4.58നാണ്. വെള്ളിയാഴ്ചയാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അല്‍ അറബി സ്റ്റേഡിയം, അല്‍ സദ്ദ് സ്റ്റേഡിയം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷയുണ്ടാകും.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വിശ്വാസികള്‍ക്കും പെരുന്നാള്‍ നമസ്‌കാരത്തിന് ആശ്രയിക്കാവുന്ന തരത്തില്‍ ഖത്തറിന്റെ എല്ലാ പ്രദേശങ്ങളിലും പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഖത്തറില്‍ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസവും, പൊതുമേഖലക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അഞ്ച് ദിവസവും തൊഴില്‍ മന്ത്രാലയം പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നിയമം അനുശാസിക്കുന്ന ഓവര്‍ടൈം, മറ്റു അലവന്‍സുകള്‍ എന്നിവ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.