ഖത്തറില്‍ ശുചീകരണ തൊഴിലാളികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്ലിനിക്ക്; ജോലിസ്ഥലത്ത് തന്നെ മികച്ച ചികിത്സ

രാജ്യത്തുടനീളം മാലിന്യശേഖരണവും പൊതുശുചിത്വ പ്രവര്‍ത്തനങ്ങളും നടത്തുന്ന തൊഴിലാളികള്‍ക്ക് മികച്ചതും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

 

ജോലിസ്ഥലത്തുതന്നെ ജീവനക്കാര്‍ക്ക് വേഗത്തില്‍ പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്തെ ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വന്‍ പദ്ധതിയുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം. ജനറല്‍ ക്ലീന്‍ലിനസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ജോലി ചെയ്യുന്ന 3,200-ലേറെ വരുന്ന തൊഴിലാളികള്‍ക്കായി വകുപ്പിന്റെ ആസ്ഥാനത്ത് തന്നെ പ്രത്യേക മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. ജോലിസ്ഥലത്തുതന്നെ ജീവനക്കാര്‍ക്ക് വേഗത്തില്‍ പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്തുടനീളം മാലിന്യശേഖരണവും പൊതുശുചിത്വ പ്രവര്‍ത്തനങ്ങളും നടത്തുന്ന തൊഴിലാളികള്‍ക്ക് മികച്ചതും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഖത്തറിലെ നിലവിലുള്ള ഉയര്‍ന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പുതിയ ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നതെന്ന് ജനറല്‍ ക്ലീന്‍ലിനസ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഫറജ് അല്‍ കുബൈസി വ്യക്തമാക്കി. വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ചികിത്സ ലഭ്യമാക്കാന്‍ ദിവസവും രണ്ട് ഷിഫ്റ്റുകളിലായാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.

ഏതൊരു ആധുനിക മെഡിക്കല്‍ കേന്ദ്രത്തോടും കിടപിടിക്കുന്ന മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്വീകരണ കൗണ്ടര്‍, വിശാലമായ വെയിറ്റിങ് മുറി, ജനറല്‍ ഡോക്ടര്‍, ഫാര്‍മസി, പ്രത്യേക നഴ്സിംഗ് വിഭാഗം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രക്തസമ്മര്‍ദ്ദം, ശരീരതാപനില തുടങ്ങിയ പതിവ് ആരോഗ്യ പരിശോധനകള്‍ക്കൊപ്പം സാധാരണ രോഗങ്ങള്‍, പ്രമേഹം ഉള്‍പ്പെടെയുള്ള ദീര്‍ഘകാല അസുഖങ്ങള്‍, കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇവിടെനിന്ന് വിദഗ്ധ ചികിത്സ ലഭിക്കും.