ലോകരാജ്യങ്ങള്‍ക്കിടയില്‍ സമാധാനശ്രമങ്ങള്‍ ശക്തമാക്കി ഖത്തര്‍

ലണ്ടനിലെ പ്രശസ്തമായ 'ചാഥം ഹൗസില്‍' നടന്ന ലണ്ടന്‍ കോണ്‍ഫറന്‍സ് 2026-ല്‍ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

 

സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ഒരേസമയം മികച്ച ബന്ധം പുലര്‍ത്തുക എന്നതാണ് ഖത്തറിന്റെ ശൈലി

ആഗോള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്രവും ചര്‍ച്ചകളും മാത്രമാണ് ഏക പോംവഴിയെന്ന് ഖത്തര്‍. അന്താരാഷ്ട്ര തലത്തില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരിയും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയും വ്യക്തമാക്കി. ലണ്ടനിലെ പ്രശസ്തമായ 'ചാഥം ഹൗസില്‍' നടന്ന ലണ്ടന്‍ കോണ്‍ഫറന്‍സ് 2026-ല്‍ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കുക എന്നത് ഖത്തറിനെ സംബന്ധിച്ച് കേവലം ഒരു വിദേശ നയതന്ത്രമല്ല, മറിച്ച് രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന കര്‍ത്തവ്യമാണെന്ന് സഹമന്ത്രി അല്‍ ഖുലൈഫി പറഞ്ഞു. അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കണമെന്ന ഖത്തര്‍ ഭരണഘടനയുടെ 'ആര്‍ട്ടിക്കിള്‍ 7' നെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ഒരേസമയം മികച്ച ബന്ധം പുലര്‍ത്തുക എന്നതാണ് ഖത്തറിന്റെ ശൈലി. എല്ലാ കക്ഷികളോടും സംസാരിക്കുന്നു എന്നതിനര്‍ത്ഥം അവരുടെ നിലപാടുകളെ ഖത്തര്‍ അംഗീകരിക്കുന്നു എന്നല്ല. പ്രതിസന്ധി ഘട്ടങ്ങളിലും ചര്‍ച്ചകളുടെ വാതിലുകള്‍ തുറന്നിടുക എന്നത് ഒരു മധ്യസ്ഥ രാജ്യം ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.