യാത്രക്കാര്‍ക്കായി ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്
ഖത്തര്‍ എയര്‍വേയ്സ് നേരിട്ട് നടത്തുന്ന സര്‍വീസുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
യാത്രകള്‍ മാറ്റിവെക്കേണ്ടി വന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.
യാത്രക്കാര്‍ക്കായി ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. വിമാനങ്ങള്‍ മാറ്റിവെക്കുകയോ വൈകുകയോ റദ്ദാക്കുകയോ ചെയ്തത് മൂലം യാത്ര തടസ്സപ്പെട്ടവര്‍ക്ക് സൗകര്യപ്രദമായ റീബുക്കിംഗ് അവസരം ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തര്‍ എയര്‍വേയ്സിന്റെ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് സര്‍വീസുകളുടെ ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകള്‍ക്കും വിധേയമായി, യാത്രാ തീയതി മാറ്റുന്നതിനുള്ള ഫീസ് ഇല്ലാതെ സൗജന്യമായി തീയതി മാറ്റാം. ഇതോടെ, 2026 ഫെബ്രുവരി 28-നും ജൂണ്‍ 15-നും ഇടയില്‍ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്ക് തങ്ങളുടെ ടിക്കറ്റുകള്‍ അധിക ചിലവുകളില്ലാതെ ഒക്ടോബര്‍ 31 വരെ റീബുക്കിംഗ് ചെയ്യാന്‍ സാധിക്കും. യാത്രകള്‍ മാറ്റിവെക്കേണ്ടി വന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.
ഖത്തര്‍ എയര്‍വേയ്സ് നേരിട്ട് നടത്തുന്ന സര്‍വീസുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റിലെ തീയതി മാറ്റാന്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെങ്കിലും, പുതിയ തീയതിയിലെ ടിക്കറ്റ് നിരക്കിലെ മാറ്റങ്ങള്‍ക്കും സീറ്റുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും റീബുക്കിംഗ് സാധ്യമാകുക. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റിലെ 'മാനേജ് ബുക്കിംഗ്' ഓപ്ഷന്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഈ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. റീബുക്ക് ചെയ്ത വിമാനത്തില്‍ വീണ്ടും തടസ്സം നേരിട്ടാല്‍, 2026 ഒക്ടോബര്‍ 31 വരെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഫീസ് രഹിത മാറ്റങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും.