പരിശോധന ഭയന്ന് സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തി; കുവൈറ്റില്‍ പ്രവാസികള്‍ പ്രതിസന്ധിയില്‍

കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സ് പരിധി ലംഘിച്ച് ബസുകളും മറ്റ് വാഹനങ്ങളും വാടകയ്ക്ക് നല്‍കുന്നതിനെതിരെ മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയതോടെ ഭൂരിഭാഗം സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മലയാളി നഴ്‌സുമാരുമടക്കം നൂറുകണക്കിന് ജീവനക്കാരാണ് വലയുന്നത്.

കുവൈറ്റില്‍ അനധികൃത ഗതാഗത സര്‍വീസുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി കടുപ്പിച്ചതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പ്രതിസന്ധിയില്‍. പരിശോധന ഭയന്ന് സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മലയാളി നഴ്‌സുമാരുമടക്കം നൂറുകണക്കിന് ജീവനക്കാരാണ് വലയുന്നത്.

കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സ് പരിധി ലംഘിച്ച് ബസുകളും മറ്റ് വാഹനങ്ങളും വാടകയ്ക്ക് നല്‍കുന്നതിനെതിരെ മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയതോടെ ഭൂരിഭാഗം സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രാത്രി വൈകിയാണ് പല കമ്പനികളും സര്‍വീസ് നിര്‍ത്തിയ വിവരം യാത്രക്കാരെ അറിയിച്ചത്. ഇതോടെ സ്‌കൂള്‍ കുട്ടികളും സ്വകാര്യ കമ്പനി ജീവനക്കാരും മലയാളി നഴ്‌സുമാരുമടക്കം നിരവധി പേര്‍ യാത്രാക്ലേശത്തിലായി.

പൊതുഗതാഗത സൗകര്യങ്ങള്‍ മുടങ്ങിയതോടെ പലരും എമര്‍ജന്‍സി ലീവ് എടുക്കാന്‍ നിര്‍ബന്ധിതരായി. ആശുപത്രികളിലേക്കും ജോലിസ്ഥലങ്ങളിലേക്കും പോകാന്‍ ടാക്‌സികളെ ആശ്രയിച്ചവരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായും വ്യാപക പരാതിയുണ്ട്. അംഗീകൃത കമ്പനികളുടെ വിസയില്ലാത്തവര്‍ ഡ്രൈവര്‍മാരായി വാഹനം ഓടിക്കുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളും ഡ്രൈവര്‍മാരും ഇതിനകം കസ്റ്റഡിയിലായിട്ടുണ്ട്.