യുഎഇയിൽ ഇനി സ്വകാര്യമേഖലയ്ക്ക് ഒന്നാം തിയതി ശമ്പളം; ജൂൺ 1 മുതൽ പുതിയ നിയമം 

യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാരുടെ ശമ്പള വിതരണ തീയതി ഏകീകരിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ നിയമപ്രകാരം സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇനിമുതൽ എല്ലാ മാസവും ഒന്നാം തിയതി തന്നെ ശമ്പളം ലഭിക്കും.
 


ദുബായ്: യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാരുടെ ശമ്പള വിതരണ തീയതി ഏകീകരിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ നിയമപ്രകാരം സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇനിമുതൽ എല്ലാ മാസവും ഒന്നാം തിയതി തന്നെ ശമ്പളം ലഭിക്കും. വരാനിരിക്കുന്ന ജൂൺ ഒന്ന് മുതൽ ഈ തീരുമാനം രാജ്യത്ത് കർശനമായി നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

വേതന സംരക്ഷണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. പുതിയ നിർദ്ദേശപ്രകാരം ഓരോ മാസത്തെയും ജോലിക്ക് പകരമുള്ള ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ഒന്നാം തിയതി തന്നെ തൊഴിലാളിയുടെ കൈകളിൽ എത്തിയിരിക്കണം. ഡബ്ലിയുപിഎസ് വഴിയോ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മറ്റ് ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെയോ മാത്രമേ ശമ്പളം കൈമാറാൻ പാടുള്ളൂ. ഇതിനൊപ്പം തൊഴിലാളിക്ക് ശമ്പളം നൽകിയതായുള്ള കൃത്യമായ രേഖകൾ മന്ത്രാലയത്തിന് മുൻപാകെ സ്ഥാപനങ്ങൾ ഹാജരാക്കുകയും വേണം.

ഒന്നാം തിയതിക്ക് ശേഷം നൽകുന്ന ശമ്പളം വൈകി നൽകുന്ന വേതനമായിട്ടായിരിക്കും മന്ത്രാലയം കണക്കാക്കുക. നിയമം ലംഘിച്ച് ശമ്പളം വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളം വൈകുന്ന ആദ്യ ദിവസങ്ങളിൽ തന്നെ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക പരിശോധനാ സംഘം സ്ഥാപനങ്ങൾ സന്ദർശിക്കും. അഞ്ച് ദിവസത്തിനപ്പുറം ശമ്പള വിതരണം നീണ്ടുപോയാൽ പ്രസ്തുത സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് തടയും. പതിനൊന്നാം ദിവസവും ശമ്പളം നൽകാതിരുന്നാൽ പിഴയടക്കമുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.