ബഹ്റൈനില്‍ മത്സ്യവില്‍പ്പനയ്ക്ക് സ്വദേശികള്‍ക്ക് മുന്‍ഗണന; പ്രവാസികള്‍ക്ക് നിയന്ത്രണം

മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ സാമ്പത്തിക, നിയമകാര്യ സമിതിയാണ് നിര്‍ദ്ദേശം പഠിക്കുന്നത്.

 

ലൈസന്‍സില്ലാത്ത കച്ചവടം തടയുന്നതിനൊപ്പം പ്രാദേശിക വ്യാപാരികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബഹ്റൈനിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ പ്രവാസി തൊഴിലാളികള്‍ മത്സ്യം വില്‍ക്കുന്നത് നിയന്ത്രിക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ പരിശോധിക്കുന്നു. ലൈസന്‍സില്ലാത്ത കച്ചവടം തടയുന്നതിനൊപ്പം പ്രാദേശിക വ്യാപാരികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ സാമ്പത്തിക, നിയമകാര്യ സമിതിയാണ് നിര്‍ദ്ദേശം പഠിക്കുന്നത്. മത്സ്യവില്‍പ്പനയ്ക്കായി സ്വദേശികള്‍ക്ക് എത്ര സ്റ്റാളുകള്‍ ലഭ്യമാണെന്നും കൂടുതല്‍ ബഹ്റൈനികളെ ഈ മേഖലയിലേക്ക് എത്തിക്കുന്നതിന് തടസ്സമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കുമെന്ന് സമിതി ചെയര്‍മാന്‍ അബ്ദുല്‍ഖാദര്‍ മഹ്‌മൂദ് അറിയിച്ചു. മത്സ്യവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കുമ്പോള്‍ ബഹ്റൈന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുക, വിദേശ തൊഴിലാളികള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നത് നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാര്‍ലമെന്റ് അംഗങ്ങളുടെ നിര്‍ദ്ദേശത്തിലുള്ളത്. തെരുവുകളിലും അംഗീകൃത മാര്‍ക്കറ്റുകള്‍ക്ക് പുറത്തും നടക്കുന്ന അനധികൃത മത്സ്യവില്‍പ്പന തടയാന്‍ പരിശോധന ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.