മസ്‌കറ്റില്‍ പൊലീസ് ചമഞ്ഞ് 18,000 ഒമാനി റിയാല്‍ കവര്‍ന്നു; മൂന്ന് ഏഷ്യന്‍ പൗരന്മാര്‍ പിടിയില്‍

രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന അടുത്തുകൂടിയ പ്രതികള്‍ പിന്നീട് ബലപ്രയോഗത്തിലൂടെ പണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

 

ഔദ്യോഗിക രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.

പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന എത്തി ഏഷ്യന്‍ സ്വദേശിയെ കബളിപ്പിച്ച് 18,000 ഒമാനി റിയാല്‍ കവര്‍ന്ന സംഭവത്തില്‍ ഏഷ്യന്‍ രാജ്യക്കാരായ മൂന്ന് പ്രതികളെ റോയല്‍ ഒമാന്‍ പൊലീസ് (ROP) അറസ്റ്റ് ചെയ്തു. ഔദ്യോഗിക രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.

രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന അടുത്തുകൂടിയ പ്രതികള്‍ പിന്നീട് ബലപ്രയോഗത്തിലൂടെ പണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

അന്വേഷണത്തിനൊടുവില്‍ രണ്ട് പ്രതികളെ ഒമാനില്‍ നിന്നുതന്നെ പൊലീസ് പിടികൂടി. എന്നാല്‍, കവര്‍ച്ചയ്ക്ക് പിന്നാലെ വിദേശത്തേക്ക് കടന്നുകളഞ്ഞ മൂന്നാമത്തെ പ്രതിയെ, ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് മറ്റൊരു രാജ്യത്തുനിന്ന് തിരിച്ചെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.