പ്ലസ് വണ്‍ ആദ്യ ദിനം ക്ലാസിലേക്ക് പോകാന്‍ തയ്യാറെടുക്കവേ കുഴഞ്ഞുവീണു ; മൂന്നാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 15 കാരന്‍ മരണമടഞ്ഞു

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഹനീന്‍ മരണത്തിന് കീഴടങ്ങിയത്.

 

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹനീന്‍ മൂന്നാഴ്ചയായി റിയാദിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

പത്താം ക്ലാസ് വിജയത്തിന് ശേഷം പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാന്‍ യൂണിഫോമണിഞ്ഞ് തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി വിദ്യാര്‍ഥി മരിച്ചു. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഹനീന്‍ അബ്ദുസമദ് (15) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹനീന്‍ മൂന്നാഴ്ചയായി റിയാദിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഹനീന്‍ മരണത്തിന് കീഴടങ്ങിയത്. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസറുമായ അഡ്വ. പി.കെ. ഹബീബ് റഹ്‌മാന്റെയും, റിയാദിലെ അമീറ നൂറ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ഷയീന്റെയും മകനാണ്. ഏപ്രില്‍ അഞ്ചിനായിരുന്നു പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചത്. പത്താം ക്ലാസ് മികച്ച വിജയത്തോടെ പൂര്‍ത്തിയാക്കിയ ഹനീന്‍ വലിയ പ്രതീക്ഷകളോടെയായിരുന്നു ആദ്യ ദിവസം സ്‌കൂളിലേക്ക് പോകാന്‍ തയ്യാറെടുത്തത്. യൂണിഫോമണിഞ്ഞ് ഇറങ്ങാന്‍ തുടങ്ങവെ വീട്ടില്‍ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അമീറ നൂറ യൂണിവേഴ്‌സിറ്റി കാമ്പസിലെ കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

സഹോദരങ്ങള്‍: ഹാദി അബ്ദുറഹ്‌മാന്‍ (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി), ഹയാ ഹബീബ് (റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.