ഒമാന്‍ - യുഎഇ റെയില്‍ പദ്ധതിക്ക് അംഗീകാരം

ഗള്‍ഫ് മേഖലയിലെ തന്നെ ആദ്യത്തെ അതിര്‍ത്തി കടന്നുള്ള റെയില്‍ ശൃംഖല എന്ന സവിശേഷതയുള്ള ഈ പദ്ധതിയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടും.

 

238 കിലോമീറ്റര്‍ നീളമുള്ളതാണ് ഈ റെയില്‍പാത.

ഒമാനെയും യുഎഇയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്രപരമായ 'ഹഫീത് റെയില്‍' പദ്ധതിയുടെ ഉഭയകക്ഷി കരാറിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഔദ്യോഗിക അംഗീകാരം നല്‍കി. രാജകീയ ഉത്തരവിലൂടെ 250 കോടി ഡോളറിന്റെ കരാറിനാണ് അംഗീകാരം ലഭിച്ചത്. ഗള്‍ഫ് മേഖലയിലെ തന്നെ ആദ്യത്തെ അതിര്‍ത്തി കടന്നുള്ള റെയില്‍ ശൃംഖല എന്ന സവിശേഷതയുള്ള ഈ പദ്ധതിയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടും.

ഒമാനിലെ പ്രധാന വ്യവസായ കേന്ദ്രമായ സൊഹാറില്‍ നിന്ന് ആരംഭിച്ച് ബുറൈമി, അല്‍ ഐന്‍ വഴി യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 238 കിലോമീറ്റര്‍ നീളമുള്ളതാണ് ഈ റെയില്‍പാത. പര്‍വതപ്രദേശങ്ങളിലടക്കം അതിവേഗം പുരോഗമിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏകദേശം 40 ശതമാനത്തോളം പണികള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഒമാന്‍ വിഷന്‍ 2040-ന്റെ ഭാഗമായി എണ്ണേതര വരുമാന വളര്‍ച്ചയ്ക്ക് വലിയ കരുത്തുപകരാന്‍ ഈ പദ്ധതി സഹായിക്കും.

ചരക്കുനീക്കത്തിന് ഏറെ മുന്‍ഗണന നല്‍കുന്ന ഈ ശൃംഖലയിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുള്ള ചരക്ക് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഒരൊറ്റ യാത്രയില്‍ 15,000 ടണ്ണിലധികം ചരക്ക് വഹിക്കാന്‍ ശേഷിയുള്ള ഈ ട്രെയിനുകള്‍ സോഹാര്‍ തുറമുഖത്തെ യുഎഇയുടെ വിപുലമായ ലോജിസ്റ്റിക് ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കും.