ഒമാനില്‍ കുറ്റകൃത്യങ്ങളില്‍ 14.8 ശതമാനം വര്‍ദ്ധനവ്; ഏറ്റവും കൂടുതല്‍ കേസുകള്‍ മസ്‌കറ്റില്‍
ഒമാനില്‍ കുറ്റകൃത്യങ്ങളില്‍ 14.8 ശതമാനം വര്‍ദ്ധനവ്; ഏറ്റവും കൂടുതല്‍ കേസുകള്‍ മസ്‌കറ്റില്‍
മൂന്നില്‍ രണ്ട് ഭാഗവും സ്വത്ത് വകകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്നതാണ് പ്രധാന സവിശേഷത.
സ്വത്ത് വകകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്.
ഒമാനില്‍ കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങളില്‍ 14.8 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (NCSI) പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ആകെ 21,000-ത്തോളം കുറ്റകൃത്യങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്വത്ത് വകകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്നതാണ് പ്രധാന സവിശേഷത.
സ്വത്ത് വകകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കേസ്സുകളില്‍ 62.3 ശതമാനവും (ഏകദേശം 13,000 കേസുകള്‍) ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 28.8 ശതമാനവും പൊതുഭരണവുമായി ബന്ധപ്പെട്ട കേസുകള്‍ 3.5 ശതമാനവുമാണ്. മദ്യപാനവും പൊതുസ്ഥലങ്ങളിലെ അനാശാസ്യ പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട് 2.8 ശതമാനം കേസുകളും ധാര്‍മ്മിക ലംഘനങ്ങളില്‍ 2.1 ശതമാനം കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
2024-ല്‍ പ്രതിദിനം ശരാശരി 50 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് 2025-ല്‍ ഇത് 58 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ ജനസംഖ്യയില്‍ ആയിരം പേര്‍ക്ക് 3.9 കേസ് എന്ന നിരക്കിലാണ് കുറ്റകൃത്യങ്ങള്‍ നടന്നിരിക്കുന്നത്. തലസ്ഥാന നഗരമായ മസ്‌കറ്റിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (8,916 കേസുകള്‍ - ആകെ കേസുകളുടെ 42%). നോര്‍ത്ത് അല്‍ ബാത്തിന (3,002), സൗത്ത് അല്‍ ബാത്തിന (1,985), ദോഫാര്‍ (1,827) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയത് അല്‍ വുസ്തയിലാണ് (120 കേസുകള്‍).
വിവിധ കേസുകളിലായി പിടിയിലാവുകയോ കുറ്റപത്രം ചുമത്തപ്പെടുകയോ ചെയ്തവരുടെ എണ്ണം 10 ശതമാനം വര്‍ദ്ധിച്ച് 26,847 ആയി. ഇതില്‍ 85 ശതമാനവും പുരുഷന്മാരാണ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ ഭൂരിഭാഗവും (36%) 30-നും 39-നും ഇടയില്‍ പ്രായമുള്ളവരാണ് (9,647 പേര്‍). 18 വയസ്സിന് താഴെയുള്ള 751 പേരും പിടിയിലായവരുടെ പട്ടികയിലുണ്ട്.