ഒമാനില്‍ ജനനനിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 39 ശതമാനം കുറഞ്ഞു

ആരോഗ്യരംഗം, തലമുറകള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

'ഒമാന്‍ വിഷന്‍ 2040' പദ്ധതിയുടെ ഭാഗമായി കുടുംബ സ്ഥിരതയും ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെടുത്തണമെന്ന് ഫോറം ആവശ്യപ്പെട്ടു.

ഒമാനില്‍ ജനനനിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 39 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2015-ല്‍ ആയിരം പേര്‍ക്ക് 34 ജനനങ്ങള്‍ എന്ന നിരക്കിലായിരുന്നത് 2025-ഓടെ 20.8 ആയി കുത്തനെ കുറഞ്ഞു. നാഷണല്‍ ബയോഎത്തിക്‌സ് കമ്മിറ്റിയുടെ ഇന്റലക്ച്വല്‍ ഫോറത്തിലാണ് ഈ ആശങ്കാജനകമായ കണക്കുകള്‍ പുറത്തുവിട്ടത്. ജനനനിരക്കിലുണ്ടാകുന്ന ഈ കുറവ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, ആരോഗ്യരംഗം, തലമുറകള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ സാഹചര്യം നേരിടുന്നതിനായി 'ഒമാന്‍ വിഷന്‍ 2040' പദ്ധതിയുടെ ഭാഗമായി കുടുംബ സ്ഥിരതയും ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെടുത്തണമെന്ന് ഫോറം ആവശ്യപ്പെട്ടു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുക, കുറഞ്ഞ ചെലവില്‍ വീടുകള്‍ ലഭ്യമാക്കുക, പലിശരഹിത വായ്പകള്‍ അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇതിന്റെ ഭാഗമായി പരിഗണനയിലുണ്ട്.

വിവാഹിതരാകുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രത്യേക എന്‍ഡോവ്‌മെന്റ് ഫണ്ട് രൂപീകരിക്കാനും നിലവിലുള്ള വിവാഹ സഹായങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ഫോറത്തില്‍ അഭിപ്രായമുയര്‍ന്നു. അതോടൊപ്പം, വിവാഹത്തിന് മുന്നോടിയായി ദമ്പതികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കേണ്ടതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാണിച്ചു.