ഗ്രാറ്റുവിറ്റിക്ക് പകരം നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയുമായി ഒമാന്‍
ഗ്രാറ്റുവിറ്റിക്ക് പകരം നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയുമായി ഒമാന്‍
2027 ജൂലൈ 19 മുതലാണ് ഈ പദ്ധതി രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുന്നത്.
പതിവുപോലെ ജോലിയില്‍ നിന്ന് പിരിഞ്ഞുപോകുമ്പോള്‍ മാത്രം ലഭിക്കുന്ന ഗ്രാറ്റുവിറ്റി രീതിക്ക് പകരം പ്രവാസികള്‍ക്കായി പുതിയൊരു നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ഒമാനില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ക്ക് ഇനി മുതല്‍ ഒമാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കും. പതിവുപോലെ ജോലിയില്‍ നിന്ന് പിരിഞ്ഞുപോകുമ്പോള്‍ മാത്രം ലഭിക്കുന്ന ഗ്രാറ്റുവിറ്റി രീതിക്ക് പകരം പ്രവാസികള്‍ക്കായി പുതിയൊരു നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്.
2027 ജൂലൈ 19 മുതലാണ് ഈ പദ്ധതി രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുന്നത്. പുതിയ നിയമപ്രകാരം ഓരോ പ്രവാസി ജീവനക്കാരന്റെയും പ്രതിമാസ അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനം തുക സര്‍ക്കാരിന്റെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടിലേക്ക് അടയ്ക്കേണ്ടതുണ്ട്. കമ്പനികളും തൊഴിലുടമകളുമാണ് ഓരോ മാസവും ഈ തുക സര്‍ക്കാരിലേക്ക് കൃത്യമായി അടയ്ക്കേണ്ടത്. ഈ തുക ഓരോ ജീവനക്കാരന്റെയും പേരിലുള്ള പ്രത്യേക അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെടും.
ജോലി പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ മാത്രം ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പഴയ രീതിക്ക് പകരം, ഓരോ മാസവും നിശ്ചിത തുക കൃത്യമായി അക്കൗണ്ടിലെത്തുന്നു എന്നത് പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക സുരക്ഷിതത്വമാണ് നല്‍കുന്നത്. കൂടാതെ ഈ തുകയ്ക്ക് ലഭിക്കുന്ന നിക്ഷേപ ലാഭവിഹിതവും പ്രവാസികള്‍ക്ക് തന്നെ സ്വന്തമാക്കാം. സേവനകാലയളവ് പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ഈ പണം ഒന്നിച്ചോ അല്ലെങ്കില്‍ ഗഡുക്കളായോ കൈപ്പറ്റാനുള്ള സൗകര്യവും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.