ഒമാനില്‍ ഫോണ്‍ നമ്പര്‍ പോര്‍ട്ടുചെയ്യുന്നതിന് പുതിയ നിര്‍ദേശങ്ങള്‍ പുറത്ത്

2008 മുതലുള്ള നിയമങ്ങള്‍ക്ക് പകരമായിട്ടാണ് പുതിയ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമങ്ങള്‍ പുറത്തിറക്കിയത്.

 

ഉപഭോക്താവിനെ സ്വാധീനിക്കാനോ, പ്രത്യേക ഓഫറുകള്‍ നല്‍കി നിലനിര്‍ത്താന്‍ ശ്രമിക്കാനോ നിലവിലെ കമ്പനികള്‍ക്ക് അനുവാദമില്ലെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

ഒമാനില്‍ ഫോണ്‍ നമ്പര്‍ പോര്‍ട്ടുചെയ്യുന്നതിന് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലലേറ്ററി അതോറിറ്റി (ടിആര്‍എ). നമ്പര്‍ പോര്‍ട്ടുചെയ്യുന്നതിനുള്ള നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനാണ്ടിആര്‍എ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 2008 മുതലുള്ള നിയമങ്ങള്‍ക്ക് പകരമായിട്ടാണ് പുതിയ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമങ്ങള്‍ പുറത്തിറക്കിയത്.

ഉപഭോക്താവിനെ സ്വാധീനിക്കാനോ, പ്രത്യേക ഓഫറുകള്‍ നല്‍കി നിലനിര്‍ത്താന്‍ ശ്രമിക്കാനോ നിലവിലെ കമ്പനികള്‍ക്ക് അനുവാദമില്ലെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പുതിയ സേവനദാതാവ് ഉപഭോക്താവിന്റെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് സമ്പൂര്‍ണ സമ്മതം നേടുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ നമ്പര്‍ മാറ്റം പൂര്‍ത്തിയാക്കുകയും വേണം. നിലവിലെ സേവനദാതാവ് ഉപഭോക്താവിന് കുടിശികയുള്ള തുകകളോ കരാര്‍ ബാധ്യതകളോ തീര്‍പ്പാക്കുന്നതിനായി സുരക്ഷിതമായ ഇലക്ട്രോണിക് സംവിധാനം ഒരുക്കണം എന്നും നിര്‍ദേശത്തില്‍ പറയുന്നു.

നമ്പര്‍ മാറ്റം വൈകിപ്പിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് എല്ലാ ടെലികോം സേവനദാതാക്കളെയും വിലക്കിയിട്ടുണ്ട്. നമ്പര്‍ മാറ്റം പൂര്‍ത്തിയായതിന് ശേഷവും മുന്‍ സേവനദാതാവിന് ഉപഭോക്താവില്‍ നിന്ന് കുടിശിക തുക ഈടാക്കാനുള്ള അവകാശം തുടരും. വിജയകരമായി മറ്റൊരു സോവനദാതാവിലേക്ക് മാറ്റുന്ന ഓരോ നമ്പറിനും പുതിയ സേവനദാതാവ് ടിആര്‍എക്ക് 1.5 ഒമാനി റിയാലും നമ്പര്‍ മാറ്റിയ മുന്‍ സേവനദാതാവിന് 1.5 ഒമാനി റിയാലും നല്‍കണം.