ഇറാനെതിരായ സൈനിക നടപടിയില്‍ പങ്കില്ല; ഇസ്രയേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളി ഖത്തര്‍

മേഖലയിലെ സംഘര്‍ഷങ്ങളിലേക്ക് ഖത്തറിനെ അനാവശ്യമായി വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്ന ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം നുണപ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് മീഡിയ ഓഫീസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി

 

ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇസ്രയേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രംഗത്തെത്തിയത്.

ഇറാനെതിരായ സൈനിക നടപടിയില്‍ പങ്കാളിയാകാന്‍ ഖത്തര്‍ സമ്മതിച്ചുവെന്ന രീതിയില്‍ ഇസ്രയേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തള്ളി ഖത്തര്‍. ഈ അവകാശവാദങ്ങള്‍ തികച്ചും വ്യാജവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതുമാണെന്ന് ഖത്തര്‍ ഔദ്യോഗികമായി വ്യക്തമാക്കി. ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇസ്രയേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രംഗത്തെത്തിയത്.

മേഖലയിലെ സംഘര്‍ഷങ്ങളിലേക്ക് ഖത്തറിനെ അനാവശ്യമായി വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്ന ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം നുണപ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് മീഡിയ ഓഫീസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മധ്യസ്ഥശ്രമങ്ങളില്‍ ഖത്തര്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ തകര്‍ക്കാനും മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടാനുമാണ് ഈ വിഭാഗം ശ്രമിക്കുന്നതെന്നും അധികൃതര്‍ കുറ്റപ്പെടുത്തി.

നിലവിലെ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ തങ്ങളുടെ അയല്‍രാജ്യങ്ങള്‍ക്കെതിരെയുള്ള ഒരു സൈനിക നടപടിയിലും ഖത്തര്‍ പങ്കാളിയായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ഖത്തറി ഉദ്യോഗസ്ഥര്‍ പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.