കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് ബാച്ചിലര്‍മാര്‍ വേണ്ട ;  കര്‍ശന പരിശോധനകളുമായി കുവൈറ്റ് മുന്‍സിപ്പാലിറ്റി

ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകള്‍ കണ്ടെത്തി നിരീക്ഷിക്കുക എന്നതാണ് പുതിയ സംഘങ്ങളുടെ പ്രധാന ചുമതല.

 

നിയമലംഘനം നടത്തുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കല്‍, ഉടമകള്‍ക്ക് പിഴ ചുമത്തല്‍ തുടങ്ങിയ കര്‍ശന നടപടികളിലേക്ക് അധികൃതര്‍ കടന്നിട്ടുണ്ട്.

കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ നിന്ന് ബാച്ചിലര്‍മാരായ പ്രവാസികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ശക്തമാക്കി കുവൈറ്റ് മുന്‍സിപ്പാലിറ്റി. ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് സംയുക്ത പരിശോധനകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അധികൃതര്‍. ഇത്തരം മേഖലകളിലെ താമസക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് നടപടി. നിയമലംഘനം നടത്തുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കല്‍, ഉടമകള്‍ക്ക് പിഴ ചുമത്തല്‍ തുടങ്ങിയ കര്‍ശന നടപടികളിലേക്ക് അധികൃതര്‍ കടന്നിട്ടുണ്ട്.

കുടുംബങ്ങള്‍ മേഖലകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് നിരീക്ഷിക്കുന്നതിനായി രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പ്രത്യേക ഫീല്‍ഡ് ടീമുകളെ രൂപീകരിച്ചു. നിലവിലുള്ള നിരീക്ഷണ സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ സംഘങ്ങള്‍, പ്രദേശവാസികളുടെ സമാധാന അന്തരീക്ഷത്തിനും സാമൂഹിക വ്യവസ്ഥയ്ക്കും ആഘാതമുണ്ടാക്കുന്ന നിയമലംഘനങ്ങള്‍ തടയും. ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകള്‍ കണ്ടെത്തി നിരീക്ഷിക്കുക എന്നതാണ് പുതിയ സംഘങ്ങളുടെ പ്രധാന ചുമതല.

ആഭ്യന്തര മന്ത്രാലയം, ഊര്‍ജ്ജ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, പരിസ്ഥിതി പൊതു അതോറിറ്റി എന്നിവയുമായി ചേര്‍ന്നാണ് മുന്‍സിപ്പാലിറ്റി ടീം പ്രവര്‍ത്തിക്കുന്നത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഈ ഏകോപനം സഹായിക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.