ആധുനിക സൗകര്യങ്ങളുമായി ദുബായ് മെട്രോ ബ്ലൂ ലൈനിനായി പുതിയ ട്രെയിനുകള്‍ ഒരുങ്ങുന്നു

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി പ്രീമിയം സീറ്റുകള്‍, മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള വയര്‍ലെസ് സംവിധാനം, സ്മാര്‍ട്ട് ലൈറ്റിങ് എന്നിവയും ഒരുക്കും

 

ഓരോ ട്രെയിനിലും സാധാരണ നിലയില്‍ 675 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന

വയര്‍ലെസ് ചാര്‍ജിങ്, സ്മാര്‍ട്ട് ലൈറ്റിങ്, പ്രീമിയം സീറ്റുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങളുമായി ദുബായ് മെട്രോ ബ്ലൂ ലൈനിനായി പുതിയ ട്രെയിനുകള്‍ ഒരുങ്ങുന്നു. ഗോള്‍ഡ് ക്ലാസ്, സില്‍വര്‍ ക്ലാസ് എന്നിവയ്‌ക്കൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക കോച്ചും ട്രെയിനിലുണ്ടാകും. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ നിര്‍മാണപ്രദേശം സന്ദര്‍ശിച്ച ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ ട്രെയിനുകളുടെ രൂപകല്‍പ്പനയും പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി.


ഓരോ ട്രെയിനിലും സാധാരണ നിലയില്‍ 675 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന.ഇതിന്റെ പരമാവധി ശേഷി 1,246 യാത്രക്കാരാണ്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി പ്രീമിയം സീറ്റുകള്‍, മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള വയര്‍ലെസ് സംവിധാനം, സ്മാര്‍ട്ട് ലൈറ്റിങ് എന്നിവയും ഒരുക്കും. ബ്ലൂ ലൈന്‍ പദ്ധതിയുടെ നിര്‍മാണം നിലവില്‍ 30 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 14,000 തൊഴിലാളികളും എന്‍ജിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും ചേര്‍ന്ന് ഇതിനകം 3.3 കോടി തൊഴില്‍ മണിക്കൂറുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2029 സെപ്റ്റംബര്‍ 9ന് സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ട്രെയിനുകളുടെ പരിശോധനയ്ക്കും പരിപാലനത്തിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും ഉപയോഗിക്കും. റെയില്‍വേ പാതകളുടെ പരിശോധനയും അറ്റകുറ്റപ്പണികളും കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.