കുവൈറ്റില്‍ സ്വദേശികള്‍ക്കായി പുതിയ ഭവന വായ്പാ നിയമം പ്രാബല്യത്തില്‍; തിരിച്ചടവിന് 25 വര്‍ഷം വരെ കാലാവധി

വായ്പ തുക വിതരണം ചെയ്യുന്ന തീയതി മുതല്‍ പരമാവധി 25 വര്‍ഷമാണ് തിരിച്ചടവ് കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.

 

പുതിയ നിയമപ്രകാരം, കുവൈറ്റ് ക്രെഡിറ്റ് ബാങ്കിന്റെ റിയല്‍ എസ്റ്റേറ്റ് വായ്പാ ചട്ടങ്ങള്‍ പാലിക്കുന്ന അപേക്ഷകര്‍ക്ക് പുതിയ വീട് വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനും സാമ്പത്തിക സഹായം ലഭിക്കും.

കുവൈറ്റില്‍ സ്വദേശി പൗരന്മാര്‍ക്ക് സുസ്ഥിരവും മികച്ചതുമായ ഭവന ലഭ്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഭവന വായ്പാ  ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നു. തിരിച്ചടവിന് പരമാവധി 25 വര്‍ഷം വരെ കാലാവധി അനുവദിക്കുന്നതാണ് പുതിയ നിയമം. സബ്സിഡിയുള്ളതും ഇല്ലാത്തതുമായ ഭവന വായ്പകളുടെ നിബന്ധനകള്‍, തിരിച്ചടവ് കാലാവധി, ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ചുമതലകള്‍ എന്നിവ വ്യക്തമാക്കുന്നതാണ് പുറപ്പെടുവിച്ച പുതിയ ഉത്തരവ്.

പുതിയ നിയമപ്രകാരം, കുവൈറ്റ് ക്രെഡിറ്റ് ബാങ്കിന്റെ റിയല്‍ എസ്റ്റേറ്റ് വായ്പാ ചട്ടങ്ങള്‍ പാലിക്കുന്ന അപേക്ഷകര്‍ക്ക് പുതിയ വീട് വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനും സാമ്പത്തിക സഹായം ലഭിക്കും. മുമ്പ് സര്‍ക്കാരിന്റെ ഭവന പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്തവര്‍ക്കായിരിക്കും ഈ സേവനത്തിന് അര്‍ഹതയുണ്ടാവുക. സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി, സബ്സിഡിയുള്ള വായ്പകളും അല്ലാത്തവയും ഒരുമിച്ച് പ്രയോജനപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് അനുമതി നല്‍കുന്നുണ്ട്.

വായ്പ തുക വിതരണം ചെയ്യുന്ന തീയതി മുതല്‍ പരമാവധി 25 വര്‍ഷമാണ് തിരിച്ചടവ് കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. തുല്യമായ പ്രതിമാസ ഗഡുക്കളായിട്ടായിരിക്കും വായ്പ തിരിച്ചടക്കേണ്ടത്. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ നിന്ന് പുതിയ വീടുകള്‍ വാങ്ങുന്നതിനും ഗവണ്‍മെന്റ് പ്ലോട്ടുകളില്‍ നിര്‍മ്മാണം നടത്തുന്നതിനുമുള്ള സാമ്പത്തിക സഹായങ്ങള്‍ ഘട്ടം ഘട്ടമായി ലഭ്യമാകും. ഉപഭോക്താക്കള്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ബാങ്കുകള്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കുകയും സെന്‍ട്രല്‍ ബാങ്ക് നിയമങ്ങള്‍ക്കനുസൃതമായി തിരിച്ചടവ് കാലാവധി പരമാവധി അഞ്ച് വര്‍ഷം വരെ പുനഃക്രമീകരിച്ചു നല്‍കുകയും ചെയ്യും.
സര്‍ക്കാരിന് വേണ്ടി കുവൈറ്റ് ക്രെഡിറ്റ് ബാങ്ക് ആണ് ധനകാര്യ സ്ഥാപനങ്ങളുമായി കരാറുകള്‍ ഒപ്പുവെക്കുക. സബ്സിഡി വായ്പകളുടെ പലിശയോ ലാഭവിഹിതമോ ഫിനാന്‍സ് മന്ത്രാലയം ജനറല്‍ റിസര്‍വില്‍ നിന്ന് ക്രെഡിറ്റ് ബാങ്ക് വഴി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറും. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ ബാക്കി തുകയ്ക്ക് ക്രെഡിറ്റ് ബാങ്ക് ഗ്യാരണ്ടി നല്‍കുന്നതോടൊപ്പം, സര്‍ക്കാരിന്റെ ഈടായി പ്രോപ്പര്‍ട്ടി പണയം വെക്കാനും അനുമതിയുണ്ട്.