ബഹ്റൈനില്‍ മരുന്ന് രജിസ്‌ട്രേഷന് പുതിയ ഡിജിറ്റല്‍ സംവിധാനം; സേവനങ്ങള്‍ ഇനി വേഗത്തിലാകും

അപേക്ഷാ ഘട്ടങ്ങളും സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണവും വെട്ടിച്ചുരുക്കി നടപടിക്രമങ്ങള്‍ പരമാവധി ലളിതമാക്കിയതായി നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി

 

പുതിയ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതോടെ മരുന്ന് രജിസ്‌ട്രേഷന്‍ നടപടികളുടെ വേഗത ഗണ്യമായി വര്‍ദ്ധിക്കും.

രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി മരുന്നുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലുള്ള രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുമായി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി  പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു. 'മെഡിക്കേഷന്‍സ് സിസ്റ്റം' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംവിധാനത്തിലൂടെ മൂന്ന് പ്രധാന സേവനങ്ങളാണ് അതോറിറ്റി ലഭ്യമാക്കുന്നത്. മരുന്ന് രജിസ്‌ട്രേഷന്‍ (അക്രഡിറ്റേഷന്‍), മരുന്ന് രജിസ്‌ട്രേഷന്‍ (റെഗുലര്‍ ട്രാക്ക്), മരുന്ന് രജിസ്‌ട്രേഷന്‍ പുതുക്കല്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

പുതിയ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതോടെ മരുന്ന് രജിസ്‌ട്രേഷന്‍ നടപടികളുടെ വേഗത ഗണ്യമായി വര്‍ദ്ധിക്കും. അക്രഡിറ്റേഷന്‍ സേവനത്തിനായുള്ള കാത്തിരിപ്പ് സമയം 10 പ്രവൃത്തി ദിവസങ്ങളില്‍ നിന്ന് വെറും മൂന്ന് ദിവസമായി കുറച്ചിട്ടുണ്ട്. കൂടാതെ റെഗുലര്‍ ട്രാക്ക് വഴിയുള്ള രജിസ്‌ട്രേഷന്‍ സമയം 45 ദിവസത്തില്‍ നിന്ന് 35 ദിവസമായും മരുന്ന് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള സമയം 30ല്‍ നിന്ന് 25 പ്രവൃത്തി ദിവസങ്ങളായും ചുരുക്കി.

അപേക്ഷാ ഘട്ടങ്ങളും സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണവും വെട്ടിച്ചുരുക്കി നടപടിക്രമങ്ങള്‍ പരമാവധി ലളിതമാക്കിയതായി നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. സേവനങ്ങള്‍ ഡിജിറ്റലാക്കിയതിലൂടെ ആരോഗ്യ മേഖലയിലെ ഗുണനിലവാരം ഉയര്‍ത്താനും സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ അനുമതി ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്