കുവൈത്തില്‍ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 31,000ത്തിലധികം ട്രാഫിക് നിയമ ലംഘനങ്ങള്‍

19 ഗുരുതര നിയമലംഘകരെ ട്രാഫിക് പോലീസിന് കൈമാറി.

 

കഴിഞ്ഞ ഒരാഴ്ചക്കിടെ 1,088 വാഹനാപകടങ്ങളാണ് കുവൈത്തിലുണ്ടായത്

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ വ്യാപക പരിശോധന. ഒരാഴ്ചക്കുള്ളില്‍ 31,153 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും 65 പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ 1,088 വാഹനാപകടങ്ങളാണ് കുവൈത്തിലുണ്ടായത്. ഇതില്‍ 159 അപകടങ്ങളില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുകയോ പരിക്കുകളുണ്ടാകുകയോ ചെയ്തു. 929 അപകടങ്ങളില്‍ വസ്തുക്കള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. 19 ഗുരുതര നിയമലംഘകരെ ട്രാഫിക് പോലീസിന് കൈമാറി. ആറ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരില്‍ മൂന്ന് വിദേശികള്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ടവരും, 48 പേര്‍ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുമാണെന്നാണ് കണ്ടെത്തല്‍.