ഒരാഴ്ചയ്ക്കുള്ളില്‍ 15,000-ത്തിലേറെ അറസ്റ്റുകള്‍; സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി

നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 1,668 പേരെയും ഇതേ കാലയളവില്‍ സുരക്ഷാ സേന പിടികൂടി

 

ജൂണ്‍ 11 മുതല്‍ ജൂണ്‍ 17 വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളം സുരക്ഷാ ഏജന്‍സികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.

സൗദി അറേബ്യയില്‍ താമസ നിയമം, തൊഴില്‍ നിയമം, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ചതിന് ഒരാഴ്ചയ്ക്കുള്ളില്‍ 15,288 പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂണ്‍ 11 മുതല്‍ ജൂണ്‍ 17 വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളം സുരക്ഷാ ഏജന്‍സികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരില്‍ 7,864 പേര്‍ താമസ നിയമ ലംഘകരും 4,576 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരും 2,848 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 1,668 പേരെയും ഇതേ കാലയളവില്‍ സുരക്ഷാ സേന പിടികൂടി. അതിര്‍ത്തിയില്‍ വച്ച് പിടിയിലായവരില്‍ 53 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും 46 ശതമാനം പേര്‍ യെമനികളും ബാക്കി ഒരു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. കൂടാതെ, നിയമവിരുദ്ധമായ രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 54 പേരെയും അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.