താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണു, മലയാളി വിദ്യാര്‍ത്ഥിക്ക് യുഎഇയില്‍ ദാരുണാന്ത്യം
അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു.
യുഎഇയിലെ അബുദാബിയില്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസിന്റെയും എല്‍സി ബിനോയുടെയും മകന്‍ അലക്‌സ് ബിനോയ് ആണ് മരിച്ചത്. 17 വയസ്സായിരുന്നു. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് താഴെ വീണത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
അലക്‌സ് കെട്ടിടത്തില്‍ നിന്നും വീണത് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. വാച്ച്മാന്‍ വിളിച്ചുപറയുമ്പോഴാണ് ബിനോയ് വിവരം അറിയുന്നത്. ഗുരുതരമായി പരിക്കേറ്റ അലക്‌സിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്‌സിന്റെ മാതാപിതാക്കള്‍ ദീര്‍ഘകാലമായി യുഎഇ പ്രവാസികളാണ്. എല്‍സി ബിനോയ് അബുദാബിയിലെ ആശുപത്രിയില്‍ നഴ്‌സാണ്. സഹോദരങ്ങള്‍: ഡോ.രാഹുല്‍ ബിനോയ്, രോഹിത് ബിനോയ് (പോളണ്ട്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 3.30ന് തോട്ടറയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ചര്‍ച്ചില്‍ നടക്കും.