ഭാര്യയെ നാട്ടിലേക്ക് കയറ്റിവിട്ട ശേഷം വിമാനത്താവളത്തില്‍ നിന്ന് തിരികെ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദമ്മാമിലെ റോയല്‍ മലബാര്‍ ഹോട്ടലിന് സമീപമുള്ള താമസസ്ഥലത്തേക്ക് തിരിച്ചെത്തിയതായിരുന്നു സത്താര്‍.

 

പൊലിസ് സ്ഥലത്തെത്തി വീട് തുറന്നുനോക്കുമ്പോള്‍ കിടപ്പുമുറിയില്‍ നിലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാര്യയെ നാട്ടിലേക്ക് കയറ്റിവിട്ട ശേഷം വിമാനത്താവളത്തില്‍ നിന്ന് തിരികെ താമസസ്ഥലത്ത് എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ദമ്മാമിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ ജീവനക്കാരനായ ആലുവ ചാലക്കല്‍ തോപ്പില്‍ വീട്ടില്‍ അബ്ദുല്‍ സത്താര്‍ (56) ആണ് മരിച്ചത്. സന്ദര്‍ശന വിസയില്‍ എത്തിയ ഭാര്യ ഷജീന ബീഗത്തെ ഞായറാഴ്ച പുലര്‍ച്ചെ ദമ്മാം വിമാനത്താവളം വഴി നാട്ടിലേക്ക് കയറ്റിവിട്ട ശേഷം ദമ്മാമിലെ റോയല്‍ മലബാര്‍ ഹോട്ടലിന് സമീപമുള്ള താമസസ്ഥലത്തേക്ക് തിരിച്ചെത്തിയതായിരുന്നു സത്താര്‍.


ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നോടെ കൊച്ചിയിലെത്തിയ ഭാര്യ ഷജീന ആ വിവരം ഭര്‍ത്താവിനെ അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഉറങ്ങുകയായിരിക്കും എന്നാണ് അവര്‍ കരുതിയത്. പതിവായി കമ്പനിയിലേക്ക് സത്താറിനെ കൂട്ടിക്കൊണ്ടുപോകുന്ന സഹപ്രവര്‍ത്തകന്‍ രാവിലെ താമസസ്ഥലത്ത് എത്തി ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടില്‍ കയറി കാളിങ് ബെല്ലടിച്ചു. പ്രതികരണമൊന്നും ഇല്ലാതെ വന്നതോടെ പൊലീസിനെ വിവരം അറിയിച്ചു.

പൊലിസ് സ്ഥലത്തെത്തി വീട് തുറന്നുനോക്കുമ്പോള്‍ കിടപ്പുമുറിയില്‍ നിലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആംബുലന്‍സ് വരുത്തി പൊലീസ് മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ഫാത്തിമ (ഖത്തര്‍), ഫയാസ് (വിദ്യാര്‍ഥി).