വാഹനാപകടത്തിൽ ഒമാനിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ഖസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശി ഉത്രം വീട്ടിൽ ജിത്തു കൃഷ്ണൻ (36) ആണ് മരിച്ചത്.
Apr 27, 2025, 18:15 IST
മസ്കത്ത്: ഖസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശി ഉത്രം വീട്ടിൽ ജിത്തു കൃഷ്ണൻ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. സലാലയിൽ കോൺട്രാക്ടിങ് ജോലികൾ ചെയ്തിരുന്ന ഇദ്ദേഹം ജോലി ആവശ്യത്തിനായി ഖസബിൽ പോകുകയായിരുന്നു. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഏഷ്യൻ വംശജരായിരുന്ന നാല് പേർക്കും പരിക്കേറ്റു.
പിതാവ്: പരേതനായ ഗോപാലകൃഷ്ണൻ. മാതാവ്: അനിത കുമാരി. മീനുവാണ് ഭാര്യ. ഖസബ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ നടന്നുവരികയാണെന്ന് ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ.കെ. സനാതനൻ അറിയിച്ചു.