കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ പരിമിത സേവനങ്ങള്‍ തുടരും
കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ പരിമിത സേവനങ്ങള്‍ തുടരും
എംബസി നേരിട്ട് നല്‍കിവരുന്ന പരിമിതമായ അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ ജൂലൈ ഒമ്പതാം തീയതി വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു
കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി കരാര്‍ നേടിയ കമ്പനിയുടെ പ്രവര്‍ത്തനം നിയമക്കുരുക്കില്‍ അകപ്പെട്ടതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്കായി എംബസി ഇത്തരമൊരു താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയത്.
കുവൈറ്റിലെ ഇന്ത്യന്‍ എംബസി നേരിട്ട് നല്‍കിവരുന്ന പരിമിതമായ അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ ജൂലൈ ഒമ്പതാം തീയതി വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനുശേഷമുള്ള സേവനങ്ങള്‍ ഏത് രീതിയിലായിരിക്കുമെന്ന് പിന്നീട് വ്യക്തമാക്കുമെന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി കരാര്‍ നേടിയ കമ്പനിയുടെ പ്രവര്‍ത്തനം നിയമക്കുരുക്കില്‍ അകപ്പെട്ടതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്കായി എംബസി ഇത്തരമൊരു താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയത്.
ഈ മാസം ഒന്നാം തീയതി മുതല്‍ അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ എംബസി നേരിട്ട് നല്‍കുന്നത്. സേവനങ്ങള്‍ ആവശ്യമുള്ള അപേക്ഷകര്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ എംബസിയിലെ കോണ്‍സുലര്‍ വിഭാഗത്തെ നേരിട്ട് സമീപിക്കേണ്ടതാണ്. അടിയന്തര സാഹചര്യമാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രമേ നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാകൂ എന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
തത്കാല്‍ പാസ്പോര്‍ട്ട്, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റ്, സിവില്‍ ഐഡിയുടെ കാലാവധി അവസാനിക്കാറായവര്‍ക്കുള്ള ഹ്രസ്വകാല പാസ്പോര്‍ട്ട് പുതുക്കല്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഇ-വിസ എന്നിവ മാത്രമാണ് നിലവില്‍ അനുവദിച്ചിട്ടുള്ള അടിയന്തര സേവനങ്ങള്‍. എന്നാല്‍ സാധാരണ രീതിയിലുള്ള പാസ്പോര്‍ട്ട് അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍, റെഗുലര്‍ വിസ അപേക്ഷകള്‍ എന്നിവ ഈ ദിവസങ്ങളില്‍ എംബസി നേരിട്ട് സ്വീകരിക്കില്ല.