മക്കയില്‍ മിന്നല്‍ പ്രളയം; ഒരു കുട്ടിക്ക് ദാരുണാന്ത്യം
മൂന്ന് കുട്ടികള്‍ കുത്തിയൊഴുകുന്ന പ്രളയജലത്തില്പ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി.
ഒരാളെ കാണാതായി. മൂന്നാമത്തെ കുട്ടിയെ രക്ഷപ്പെടുത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
സൗദി അറേബ്യയിലെ മക്കയില്‍ ചൊവ്വാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. മൂന്നാമത്തെ കുട്ടിയെ രക്ഷപ്പെടുത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മൂന്ന് കുട്ടികള്‍ കുത്തിയൊഴുകുന്ന പ്രളയജലത്തില്പ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തകര്‍ ഒരു കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും രണ്ടാമത്തെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാണാതായ മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സിവില്‍ ഡിഫന്‍സ് സംഭവം സ്ഥിരീകരിച്ചത്. മഴയുള്ള സമയങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മഴവെള്ളം വേഗത്തില്‍ ഒഴുകിയെത്താന്‍ സാധ്യതയുള്ള താഴ്വരകള്‍, വെള്ളമൊഴുകുന്ന ചാലുകള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവയുടെ സമീപത്തേക്ക് പോകരുതെന്ന് പൊതുജനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി. കനത്ത മഴയെത്തുടര്‍ന്ന് താഴ്വരകളിലൂടെയും നീര്‍ച്ചാലുകളിലൂടെയും ശക്തമായി ഒഴുകുന്ന വെള്ളം ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകാമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.