കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലും രോഗികള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രാലയം

ആശുപത്രി സന്ദര്‍ശന സമയത്തിലും മന്ത്രാലയം നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

 

രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെ ആശുപത്രി വാര്‍ഡുകളില്‍ 'ക്വയറ്റ് അവര്‍സ്' അഥവാ നിശബ്ദ സമയം കര്‍ശനമായി പാലിക്കണം

കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലും രോഗികള്‍ക്ക് കൂടുതല്‍ ശാന്തവും സൗകര്യപ്രദവുമായ ചികിത്സാ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഡോ. സല്‍മാന്‍ അല്‍ ഖലീഫ അല്‍ സബാഹ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെ ആശുപത്രി വാര്‍ഡുകളില്‍ 'ക്വയറ്റ് അവര്‍സ്' അഥവാ നിശബ്ദ സമയം കര്‍ശനമായി പാലിക്കണം. രോഗികളുടെ വിശ്രമത്തിനും ഉറക്കത്തിനും തടസ്സമാകുന്ന അനാവശ്യ ശബ്ദങ്ങളും ഇടപെടലുകളും ഒഴിവാക്കി ചികിത്സാ നിലവാരം മെച്ചപ്പെടുത്താനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. എങ്കിലും, അടിയന്തര വിഭാഗങ്ങള്‍, ഐസിയു, ഹൃദ്രോഗ വിഭാഗങ്ങള്‍, ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആശുപത്രി സന്ദര്‍ശന സമയത്തിലും മന്ത്രാലയം നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും ഇനി ആശുപത്രികളില്‍ പ്രവേശനം അനുവദിക്കുക. ഔദ്യോഗിക അവധി ദിവസങ്ങളില്‍ സാധാരണ സമയത്തിന് പുറമെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും പ്രത്യേകമായി സന്ദര്‍ശനം അനുവദിക്കുന്നതാണ്. വിശുദ്ധ റമദാന്‍ മാസത്തില്‍ സന്ദര്‍ശകര്‍ക്ക് രാത്രി ഒമ്പത മണി വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. കൂടാതെ, അനാവശ്യമായ തിരക്ക് ഒഴിവാക്കുന്നതിനായി ഒരേസമയം ഒരു രോഗിയെ സന്ദര്‍ശിക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി ഏഴ് പേരായി നിജപ്പെടുത്തിയിട്ടുമുണ്ട്.

രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിലും മന്ത്രാലയം പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഓരോ രോഗിക്കും ഒരേ ലിംഗത്തില്‍പ്പെട്ട ഒരാള്‍ക്ക് മാത്രമേ സ്ഥിരമായി കൂട്ടിരിക്കാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. എങ്കിലും, രോഗിയുടെ മാനുഷികവും സാമൂഹികവുമായ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ആവശ്യമെങ്കില്‍ ഈ നിയമത്തില്‍ ഇളവുകള്‍ നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡ് തലവന്മാര്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ നിയമങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിനായി രാജ്യത്തെ എല്ലാ ആശുപത്രികള്‍ക്കും 30 ദിവസത്തെ സമയമാണ് ആരോഗ്യ മന്ത്രാലയം അനുവദിച്ചിട്ടുള്ളത്.