കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരുന്ന സൈനികനെ ആക്രമിച്ച സംഭവത്തില്‍ കുവൈത്ത് പൗരന്‍ അറസ്റ്റില്‍

ആക്രമണത്തില്‍ പരിക്കേറ്റ സൈനികന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കേസ് ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

സുലൈബിയ പൊലീസാണ് ഇയാളെ പിടികൂടിയത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ സൈനികനെ ആക്രമിച്ച കേസില്‍ കുവൈത്ത് പൗരനെ അറസ്റ്റ് ചെയ്തു. സുലൈബിയ പൊലീസാണ് ഇയാളെ പിടികൂടിയത്.

സൈനികന്‍ നല്‍കിയ പരാതി പ്രകാരം, ഔദ്യോഗിക സൈനിക വാഹനത്തില്‍ ജഹ്‌റ ഭാഗത്തേക്ക് പോകുമ്പോള്‍ സുലൈബിയ വെയര്‍ഹൗസുകള്‍ക്ക് സമീപം സെവന്ത് റിംഗ് റോഡില്‍ വെച്ചായിരുന്നു സംഭവം. പെട്ടെന്ന് മുന്നില്‍ വന്ന് നിര്‍ത്തിയ എസ്യുവി വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന ഡ്രൈവര്‍ സൈനികനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ സൈനികന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കേസ് ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഫോണ്‍ വഴി ബന്ധപ്പെട്ട് പ്രതിയോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് കൂടുതല്‍ നിയമനടപടികള്‍ക്കായി ഇയാളെ തടങ്കലില്‍ വയ്ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടത്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.