കുവൈറ്റില്‍ ശമ്പളം വൈകിയാലും കുറച്ചാലും കമ്പനികള്‍ക്കെതിരെ ഇനി കര്‍ശന നടപടി

കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു കാരണവശാലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദമില്ല.

 

ശമ്പള വിതരണം കൃത്യമായി നിരീക്ഷിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.

കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. തൊഴില്‍ കരാര്‍ നിലനില്‍ക്കുന്ന കാലയളവില്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ പാടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ശമ്പള വിതരണം കൃത്യമായി നിരീക്ഷിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.

ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൃത്യമായി ശമ്പളം നല്‍കുന്നത് നിയമപരമായ ഉത്തരവാദിത്തം മാത്രമല്ല, തൊഴിലാളികളുടെ അവകാശങ്ങളോടുള്ള ആദരവുമാണെന്ന് മാന്‍പവര്‍ അതോറിറ്റി ചൂണ്ടിക്കാട്ടി. നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കാനും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അതോറിറ്റിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു കാരണവശാലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദമില്ല. കൂടാതെ, വായ്പകള്‍ക്കും മറ്റ് കടബാധ്യതകള്‍ക്കുമായി ശമ്പളത്തില്‍ നിന്ന് ഈടാക്കാവുന്ന തുകയ്ക്കും കര്‍ശനമായ പരിധി നിശ്ചയിച്ചിട്ടുണ്ട്.