വിദേശ അധ്യാപകരെ ഒഴിവാക്കാന്‍ കുവൈറ്റ്; 7,000-ത്തിലേറെ പേര്‍ക്ക് നോട്ടീസ് നല്‍കി
വിദേശ അധ്യാപകരെ ഒഴിവാക്കാന്‍ കുവൈറ്റ്; 7,000-ത്തിലേറെ പേര്‍ക്ക് നോട്ടീസ് നല്‍കി
മന്ത്രാലയം നടത്തിയ സമഗ്രമായ പരിശോധനയില്‍ വിവിധ വിഷയങ്ങളിലും പഠന ഘട്ടങ്ങളിലുമായി 33,268 അധ്യാപകരുടെ അമിത ബാഹുല്യം കണ്ടെത്തിയിരുന്നു.
കുവൈറ്റിന്റെ ഔദ്യോഗിക ഗവണ്‍മെന്റ് ആപ്പായ 'സഹേല്‍' വഴിയാണ് അധ്യാപകര്‍ക്ക് പിരിച്ചുവിടല്‍ അറിയിപ്പുകള്‍ ലഭിക്കുന്നത്.
കുവൈറ്റില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധിക അധ്യാപകരുടെ എണ്ണം കുറയ്ക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിദേശികളായ അധ്യാപകരുടെ സേവനമാണ് ആദ്യ ഘട്ടത്തില്‍ അവസാനിപ്പിക്കുക. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരും മറ്റ് വിദേശികളുമായ 7,019 അധ്യാപകര്‍ക്ക് മന്ത്രാലയം പിരിച്ചുവിടല്‍ നോട്ടീസ് അയച്ചു തുടങ്ങി. കുവൈറ്റിന്റെ ഔദ്യോഗിക ഗവണ്‍മെന്റ് ആപ്പായ 'സഹേല്‍' വഴിയാണ് അധ്യാപകര്‍ക്ക് പിരിച്ചുവിടല്‍ അറിയിപ്പുകള്‍ ലഭിക്കുന്നത്.
മന്ത്രാലയം നടത്തിയ സമഗ്രമായ പരിശോധനയില്‍ വിവിധ വിഷയങ്ങളിലും പഠന ഘട്ടങ്ങളിലുമായി 33,268 അധ്യാപകരുടെ അമിത ബാഹുല്യം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളിലെ യഥാര്‍ത്ഥ ആവശ്യകതയ്ക്ക് അനുസൃതമായി അധ്യാപകരുടെ എണ്ണം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ മന്ത്രാലയത്തിന് പ്രതിവര്‍ഷം ഏകദേശം 4.2 കോടി കുവൈത്തി ദിനാര്‍ ശമ്പളച്ചെലവില്‍ ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
ആദ്യഘട്ടത്തില്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച 7,019 പേരില്‍ 1,551 പുരുഷന്മാരും 5,468 സ്ത്രീകളും ഉള്‍പ്പെടുന്നു. അറബിക്, ഇംഗ്ലീഷ്, ഇസ്ലാമിക് എജ്യുക്കേഷന്‍, ആര്‍ട്‌സ്, മ്യൂസിക്, മാത്തമാറ്റിക്‌സ്, സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ തുടങ്ങിയ പ്രമുഖ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിച്ചിരിക്കുന്നത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നോട്ടീസുകള്‍ നല്‍കുന്നതെന്നും അധ്യാപകരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.