പ്രവാസി അധ്യാപകരെ ഘട്ടം ഘട്ടമായി ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനുള്ള നീക്കവുമായി കുവൈത്ത്

ആകെ 3,795 പ്രവാസി അധ്യാപകരെയാണ് ഈ പുതിയ നയം നേരിട്ട് ബാധിക്കുക.

 

എട്ട് പ്രത്യേക വിഷയങ്ങളിലാണ് പ്രവാസി അധ്യാപകരെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കുവൈത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പ്രവാസി അധ്യാപകരെ ഘട്ടം ഘട്ടമായി ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനുള്ള വിപുലമായ അഞ്ച് വര്‍ഷത്തെ പദ്ധതിക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ രൂപരേഖ തയ്യാറാക്കി. അധ്യാപകരുടെ എണ്ണത്തില്‍ നിലവില്‍ മിച്ചമുള്ള എട്ട് പ്രത്യേക വിഷയങ്ങളിലാണ് പ്രവാസി അധ്യാപകരെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇസ്ലാമിക വിദ്യാഭ്യാസം, കായികം, ഫ്രഞ്ച് ഭാഷ, ഹോം ഇക്കണോമിക്സ്, ആര്‍ട്ട് എഡ്യൂക്കേഷന്‍, കിന്റര്‍ഗാര്‍ട്ടന്‍, സൈക്കോളജി, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഭാഗങ്ങളിലാണ് ഈ വന്‍ മാറ്റം നടപ്പിലാക്കുന്നത്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം 3,757 വനിതാ അധ്യാപകരും 38 പുരുഷ അധ്യാപകരും ഉള്‍പ്പെടെ ആകെ 3,795 പ്രവാസി അധ്യാപകരെയാണ് ഈ പുതിയ നയം നേരിട്ട് ബാധിക്കുക. 20262027 അധ്യയന വര്‍ഷം അവസാനിക്കുന്നതോടെയാണ് പദ്ധതിയുടെ ഔദ്യോഗിക നടപടികള്‍ ആരംഭിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഭാഗമായി ആദ്യ നാല് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 766 അധ്യാപകരെ വീതവും അവസാന വര്‍ഷം ബാക്കിയുള്ള 731 പേരെയും സേവനത്തില്‍ നിന്ന് ഒഴിവാക്കും. ഇതോടെ നിശ്ചിത എട്ട് വിഷയങ്ങളില്‍ പ്രവാസി അധ്യാപകരുടെ സാന്നിധ്യം പൂജ്യം ശതമാനമായി കുറയും.

കുവൈത്തി ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പ്രാദേശിക തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിയമനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം