ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച സ്വദേശിക്ക് 15,000 ദിനാര്‍ പിഴ വിധിച്ച് കുവൈത്ത് കോടതി

 

ഭര്‍ത്താവിന്റെ മര്‍ദ്ദനത്തിനെതിരെ ഭാര്യ നേരത്തെ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയിരുന്നു

 

പബ്ലിക് പ്രോസിക്യൂഷന്‍ അവസാനിപ്പിച്ച ക്രിമിനല്‍ കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു.

ഭാര്യയെയും മക്കളെയും ശാരീരികമായി ഉപദ്രവിച്ച കുവൈത്തി പൗരന് 15,000 കുവൈത്തി ദിനാര്‍ (ഏകദേശം 40 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച് സിവില്‍ കോടതി. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ഭാര്യയുടെയും മക്കളുടെയും മാനസികവും ശാരീരികവുമായ തകര്‍ച്ചയ്ക്ക് നഷ്ടപരിഹാരമായാണ് ഈ തുക നല്‍കേണ്ടത്. കൂടാതെ, നേരത്തെ പബ്ലിക് പ്രോസിക്യൂഷന്‍ അവസാനിപ്പിച്ച ക്രിമിനല്‍ കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു.

ഭര്‍ത്താവിന്റെ മര്‍ദ്ദനത്തിനെതിരെ ഭാര്യ നേരത്തെ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന ഭര്‍ത്താവിന്റെ ഉറപ്പും മാപ്പപേക്ഷയും വിശ്വസിച്ച് അവര്‍ പരാതി പിന്‍വലിച്ചു.പരാതി പിന്‍വലിച്ചതിന് പിന്നാലെ ഭര്‍ത്താവ് തന്റെ നിലപാട് മാറ്റി. നല്‍കിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച അദ്ദേഹം ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്നും പുറത്താക്കി. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഭാര്യ പ്രമുഖ അഭിഭാഷകയായ ഹൗറ അല്‍-ഹബീബ് മുഖേന വീണ്ടും കോടതിയെ സമീപിച്ചു. ശാരീരികമായ അക്രമം ഒരു മതവും അംഗീകരിക്കുന്നില്ലെന്നും അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അഭിഭാഷക കോടതിയില്‍ വാദിച്ചു.

ഭര്‍ത്താവിന്റെ വാഗ്ദാനം വിശ്വസിച്ചാണ് ഭാര്യ പരാതി പിന്‍വലിച്ചതെന്നും എന്നാല്‍ അയാള്‍ ആ വിശ്വാസം വഞ്ചിച്ചതായും കോടതി കണ്ടെത്തി. കള്ളം പറയുന്ന ഒരാളെ വിശ്വസിക്കാന്‍ കഴിയില്ലെന്ന വാദം അംഗീകരിച്ച കോടതി, പിന്‍വലിച്ച കേസ് വീണ്ടും തുറക്കാന്‍ ഉത്തരവിടുകയായിരുന്നു.