വേനൽച്ചൂട് രൂക്ഷം , ഉച്ചസമയത്ത് പുറംജോലിയിൽ കുവൈത്തിൽ ജൂൺ 1 മുതൽ നിരോധനം
വേനൽച്ചൂട് രൂക്ഷമാകുമ്പോൾ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഉച്ചസമയത്ത് തുറസ്സായ സ്ഥലത്തുള്ള ജോലികൾക്ക് നിരോധനവുമായി കുവൈത്ത്. ജൂൺ ഒന്നുമുതൽ നിയന്ത്രണം പ്രാബല്യത്തിലാകുമെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു. ആഗസ്‌ത് 31 വരെ പകൽ 11 മുതൽ വൈകിട്ട് നാലുവരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി : വേനൽച്ചൂട് രൂക്ഷമാകുമ്പോൾ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഉച്ചസമയത്ത് തുറസ്സായ സ്ഥലത്തുള്ള ജോലികൾക്ക് നിരോധനവുമായി കുവൈത്ത്. ജൂൺ ഒന്നുമുതൽ നിയന്ത്രണം പ്രാബല്യത്തിലാകുമെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു. ആഗസ്‌ത് 31 വരെ പകൽ 11 മുതൽ വൈകിട്ട് നാലുവരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു.
തൊഴിൽ വിപണി നിയന്ത്രണം, കാലാവസ്ഥാ വ്യതിയാനം, സുരക്ഷിത തൊഴിലിടങ്ങൾ ഉറപ്പാക്കൽ എന്നിവ പരിഗണിച്ചാണ് 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ– 3 നടപ്പാക്കിയതെന്ന് മാനവശേഷി അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനിയർ റബാബ് അൽ ഒസൈമി വ്യക്തമാക്കി. തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം, പ്രഥമശുശ്രൂഷ സൗകര്യങ്ങൾ, തണലോടുകൂടിയ വിശ്രമകേന്ദ്രങ്ങൾ എന്നിവ ഒരുക്കണം. ജോലി സാഹചര്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് മതിയായ വിശ്രമ ഇടവേളകൾ അനുവദിക്കണമെന്നും തൊഴിലുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിയമപരമായ ജോലിസമയത്തെ ലംഘിക്കാതെയായിരിക്കണം ഇത്തരം ക്രമീകരണങ്ങളെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, സാങ്കേതികവും പ്രവർത്തനപരമായും മാറ്റിവയ്ക്കാനാകാത്ത ചില അടിയന്തര ജോലികൾക്ക് നിയന്ത്രണത്തിൽ ഇളവ് അനുവദിക്കും. ഇതിനായി ലേബർ ഇൻസ്‌പെക്ഷൻ വകുപ്പിന്റെ മുൻകൂർ അനുമതിയും തൊഴിൽ സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നതും നിർബന്ധമാണ്. അടിയന്തര അറ്റകുറ്റപ്പണികൾ, പൊതുസേവന പ്രവർത്തനങ്ങൾ, സുപ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയ്ക്കാണ് ഇളവ് ബാധകമാകുക.
പൊടിക്കാറ്റ്, കനത്തമഴ, അതിശക്തമായ ഈർപ്പം, ഉയർന്ന താപനില തുടങ്ങിയ തൊഴിലാളികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളിലും തുറസ്സായ ജോലികൾ നിരോധിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവ ഉണ്ടായാലും നിയന്ത്രണം ബാധകമായിരിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്ഥാപനങ്ങളും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.